റിയാദ്: സൗദി അറേബ്യയില്‍ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ബസ് കമ്പനികള്‍ സര്‍വീസ് ആരംഭിച്ചു. നിലവില്‍ ബസ് റൂട്ട് സര്‍വീസുകള്‍ക്ക് സാപ്റ്റ്കോ കമ്പനി മാത്രമായിരുന്നു ആശ്രയം. സൗദിയിലെ മൂന്നു പ്രമുഖ മേഖലകള്‍ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് ബസ്സുകള്‍ ഓടിക്കുന്നതിന് വിദേശ കമ്പനികളുടെ സഹകരണത്തോടെ സൗദി ഗതാഗത മന്ത്രാലയം പദ്ധതിക്ക് തുടക്കം കുറിച്ചു. ഉത്തര സൗദിയില്‍ ദര്‍ബ് അല്‍വതന്‍ കമ്പനിയും വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നോര്‍ത്ത് വെസ്റ്റ് ബസ് കമ്പനിയും ദക്ഷിണ മേഖലയില്‍ സാറ്റ് കമ്പനിയും ബസ്സുകള്‍ ഓടിക്കും. മൂന്ന് മഹാനഗരങ്ങളെയും 200 പട്ടണങ്ങളെയും ബന്ധിച്ചാണ് യാത്രകള്‍. പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് അത്യാധുനിക ബസ്സുകളും സര്‍വീസുകളും ഒരുക്കിയിരിക്കുന്നത്. 76 റൂട്ടുകളിലാണ് പൊതുയാത്രാ ബസ്സുകള്‍ വരുന്നത്.
നൂതന സാങ്കേതിക സവിശേഷതകള്‍ സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക ബസ്സുകള്‍ നിരത്തിലിറക്കാനും സര്‍വീസ് നടത്താനുമായി മൂന്ന് അന്താരാഷ്ട്ര കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ബസ് ഗതാഗത സേവന പദ്ധതി സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടിജിഎ) സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ മന്ത്രിമാരും അംബാസഡര്‍മാരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെ കമ്പനികളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
മൂന്ന് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യങ്ങള്‍ വഴിയാണ് ബസ് സര്‍വീസുകള്‍ക്ക് തുടക്കമിട്ടത്. ബസ് സര്‍വീസ് മേഖലയിലെ ആദ്യ വിദേശ നിക്ഷേപമാണിത്. ദര്‍ബ് അല്‍വതന്‍ കമ്പനിയാണ് ഉത്തര സൗദിയില്‍ ബസ് സര്‍വീസ് സേവനം നല്‍കുക. 26 റൂട്ടുകളില്‍ 75 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദര്‍ബ് അല്‍വതന്‍ ദിവസേന 124 സര്‍വീസുകള്‍ നടത്തും. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നോര്‍ത്ത് വെസ്റ്റ് ബസ് കമ്പനിക്കാണ് കരാര്‍. 23 റൂട്ടുകളില്‍ 70 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 190 സര്‍വീസുകള്‍ നടത്തും. മൂന്നാമത്തെ കമ്പനിയായ സാറ്റ് ദക്ഷിണ മേഖലയില്‍ 27 റൂട്ടുകളിലൂടെ 80 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സര്‍വീസുകളാണ് നടത്തുക.