തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ സമര പ്രഖ്യാപനവുമായി യു.ഡി.എഫ്. അഴിമതി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടി രണ്ടാം പിണറായി സര്‍ക്കാരിന് താക്കീതുമായി യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ നടക്കും. രാവിലെ പ്രാദേശിക സമയം ആറു മണിമുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. എഐ ക്യാമറ ഉള്‍പ്പെടെയുള്ള അഴിമതി ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് 20-ന് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്തിയിരുന്നു. തുടര്‍ സമരത്തിന്റെ ഭാഗമായാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള യു.ഡി.എഫിന്റെ രണ്ടാംഘട്ട സമരം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ അടക്കമുള്ള യുഡിഎഫിന്റെ മുന്‍നിര നേതാക്കള്‍ എല്ലാവരും ഉപരോധ സമരത്തില്‍ പങ്കെടുക്കും.
രാവിലെ ആറുമണി മുതല്‍ സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ നോര്‍ത്തിലെ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മെയിന്‍ ഗേറ്റില്‍ ആദ്യമെത്തുകയും തുടര്‍ന്ന് പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പിന്നില്‍ അണിനിരക്കും. ഇതേ മാതൃകയില്‍ സൗത്ത് ഗേറ്റും പുറകില്‍ വൈ.എം.സി.എ പരസരത്തുള്ള ഗേറ്റും പ്രവര്‍ത്തകര്‍ വളയും. മറ്റ് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്നുരാത്രിയോടെ തലസ്ഥാനത്തെത്തും. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും തടസങ്ങള്‍ ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പതിനാല് ഡി.വൈ.എസ്.പി-മാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സമരത്തിന്റെ ഭാഗമായി മാത്രം സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്.