വിസ്മയ കാഴ്ചകളുമായി ദുബായ് ‘ജൈടെക്‌സ്’ ഇന്നുമുതല്‍; സജീവ സാന്നിധ്യമായി കേരളവും

Share

ദുബായ്: ലോകത്തെ ഏറ്റവും വലിയ ടെക്ക്‌നോളജി ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് മേളകളിലൊന്നായ ദുബായ് ജൈടെക്‌സ് ഗ്ലോബലിന്റെ 43-ാമത് എഡിഷന് ഇന്ന് (2023 ഒക്ടോബര്‍ 16) തുടക്കമാകും. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ വേദിയാകുന്ന ആഗോള ജൈടെക്‌സ് എക്‌സിബിഷന്‍ ഇന്നുമുതല്‍ 5 ദിവസം നീണ്ടു നില്‍ക്കും. അന്താരാഷ്ട്ര തലത്തിലെ അതിനൂതന സാങ്കേതിക വിദ്യകള്‍ ഒരുകുടക്കീഴില്‍ അണിനിരക്കുന്ന ജൈറ്റക്‌സില്‍ യുഎഇ-യിലെ വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് സ്ഥാപനങ്ങളും അവരുടെ നൂതന സാങ്കേതിക സംവിധാനങ്ങൾ പരിചയപ്പെടുത്തും. ഈ മാസം 20-ന് അവസാനിക്കുന്ന ജൈടെക്‌സ് ഗ്ലോബലില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ പങ്കെടുക്കും.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും പുതിയ സേവന മാതൃക ഇന്ന് ജൈടെക്‌സില്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ്, നോള്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള പതിവ് സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായി സ്‌കാനറില്‍ മുഖം കാണിച്ചുകൊണ്ട് മെട്രോ, ട്രാം, ബസുകള്‍, ടാക്സികള്‍ എന്നിവയില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ജൈടെക്‌സില്‍ അവതരിപ്പിക്കും. ത്രീ-ഡീ സാങ്കേതിക വിദ്യയില്‍ നോക്കിയാല്‍ തുറക്കുന്ന സ്മാര്‍ട്ട് ഗേറ്റുകളെന്ന പ്രത്യേകതയാണ് ദുബായ് ആര്‍.ടി.എ ജൈടെക്‌സ് ഗ്ലോബലില്‍ അവതരിപ്പിക്കുന്നത്.

ഇത്തവണത്തെ ആഗോള ജൈടെക്‌സല്‍ കേരളത്തിന്റെയും സജീവ സാന്നിധ്യമുണ്ടാകും. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് തുടങ്ങിയ കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 30-ഓളം ഐ.ടി കമ്പനികള്‍ മേളയുടെ ഭാഗമാകും. കേരളാ ഐ.ടി പാര്‍ക്കുകളുടെയും ഐ.ടി കമ്പനികളുടെയും കൂട്ടായ്മയായ ജി-ടെക്കിന്റെ നേതൃത്വത്തിലാണ് ഐ.ടി കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നത്. അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സര്‍വീസുകളും അവതരിപ്പിക്കുന്നതിന് പുറമേ മധ്യപൂര്‍വേഷ്യയില്‍ വിപണി കേന്ദ്രീകരിക്കുന്നതിനും നിക്ഷേപക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും ഈ പ്രദര്‍ശനത്തിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ത്രീഡി പ്രിന്റിങ്, ബ്ലോക്ക് ചെയിന്‍, ക്ലൗഡ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയർ ആന്‍ഡ് സോഫ്‌റ്റ് വെയർ, മൊബൈല്‍ ഹാര്‍ഡ് വെയർ ആന്‍ഡ് സോഫ്‌റ്റ് വെയർ, കണ്‍സ്യൂമര്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സെന്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡ്രോണ്‍സ് ആന്‍ഡ് എ.വി, എന്റര്‍പ്രൈസ് സോഫ്‌റ്റ് വെയർ, ഫ്യൂച്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റീസ്, ഗ്ലോബല്‍ സൊല്യൂഷന്‍ പ്രൊവൈഡേഴ്‌സ്, ഗള്‍ഫ്‌കോംസ് – ടെലികോം ആന്‍ഡ് മൊബിലിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി, ഐ.ഒ.ടി, മിക്‌സഡ് റിയാലിറ്റി, മൊബൈല്‍ ഡിവൈസ് ആന്‍ഡ് ആക്‌സസറീസ്, ഫിസിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ സെക്യൂരിറ്റി, പ്രിന്റിങ്ങ് ആന്‍ഡ് ബിസിനസ് സൊല്യൂഷന്‍സ്, സെന്‍സേഴ്‌സ്, സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് വര്‍ക്ക് പ്ലേയ്സ്, സോഫ്‌റ്റ് വെയർ ഡിജിറ്റല്‍ ഇമേജിങ്, വാല്യൂ ആഡഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്, വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങി വിവിധ സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30 കമ്പനികളാണ് കേരളത്തില്‍ നിന്ന് ഇത്തവണത്തെ ജൈടെക്‌സില്‍ പങ്കെടുക്കുന്നത്.