അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ ഒരിക്കല്‍ കൂടി മുട്ടുകുത്തിച്ച് ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 19.3 ഓവര്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു. 30.3 ഓവറില്‍ മൂന്ന് വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (86 റൻസ്), ശ്രേയസ് അയ്യര്‍ (പുറത്താകാതെ 53 റൻസ്) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. മിന്നുന്ന ഫോമില്‍ തുടരുന്ന രോഹിത് 63 പന്തുകള്‍ മാത്രം നേരിട്ട് ആറ് ഫോറും അത്രതന്നെ സിക്‌സറുകളും പറത്തിയാണ് മടങ്ങിയത്. 62 പന്തുകള്‍ നേരിട്ട ശ്രേയസ് മൂന്ന് ഫോറും രണ്ട് സിക്‌സും നേടി. 19 റണ്‍സുമായി കെ.എല്‍ രാഹുലും പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാരും പുറത്തായി. 30-ാം ഓവറില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്തായതോടെയാണ് പാക്കിസ്ഥാന്റെ നാടകീയ തകര്‍ച്ചയ്ക്ക് തുടക്കമായത്. അവസാന എട്ട് വിക്കറ്റുകള്‍ 36 റണ്‍സിനിടെ നഷ്ടമായത് പാകിസ്ഥാന് കനത്ത തിരിച്ചടിയായി. ബാബര്‍ അസം (50), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ (49) എന്നിവര്‍ മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് പാക്കിസ്ഥാന്‍ തകര്‍ച്ചയിലേക്ക് വീണത്. 50 റണ്‍സ് നേടിയ ബാബറിനെ സിറാജ് ക്ലീന്‍ ബൗള്‍ഡ് ചെയ്തതിന് പിന്നാലെ പവലിയനിലേക്ക് പാക്ക് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. 33-ാം ഓവറില്‍ സൗദ് ഷക്കീലിനെയും ഇഫ്തിഖര്‍ അഹമ്മദിനെയും മടക്കി കുല്‍ദീപ് യാദവ് പാക്കിസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. പാക്കിസ്ഥാന്‍ പ്രതീക്ഷ വച്ച റിസ്വാനെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെയാണ് കളിയുടെ ഗതി മാറിയത്.