ദില്ലി: എസ്എന്‍സി ലാവലിന്‍ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ മുതല്‍ സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസില്‍ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിന്‍ കേസ് അടക്കമുള്ള കേസുകള്‍ പരിഗണിക്കാന്‍ സമയം കിട്ടാതിരുന്നത്.
ഇത് 35-ാം തവണയാണ് കേസ് സുപ്രീം കോടതി മാറ്റിവെക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ സിബിഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. സിബിഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ഡനറല്‍ എസ്വി രാജു മറ്റൊരു കേസില്‍ തിരക്കിലായിരുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍പും സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.