പശ്ചിമേഷ്യ അശാന്തം; ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍ രൂക്ഷം

Share

ഡല്‍ഹി: ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജകര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നല്‍കി. അടിയന്തിര ഘട്ടങ്ങളിലല്ലാതെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും പൗരന്മാര്‍ സുരക്ഷിതരായി ഇരിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അടിയന്തിരഘട്ടങ്ങളില്‍ പൗരന്‍മാര്‍ക്ക് ബന്ധപ്പെടുന്നതിനായി ‘+97235226748’ ഹെല്‍പ് ലൈന്‍ നമ്പറും എമ്പസി നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഹമാസിന്റെ ആക്രമണത്തില്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍. രാജ്യം യുദ്ധമുഖത്താണെന്നും ഹമാസിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ‘ഇസ്രായേല്‍ പൗരന്മാരേ, നമ്മള്‍ യുദ്ധത്തിലാണ്. ഇതൊരു ഓപ്പറേഷനല്ല, ഇത് യുദ്ധമാണ്. നമ്മള്‍ വിജയിക്കും. ഹമാസിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് പ്രകോപനമില്ലാതെ ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണമുണ്ടായത്. ഇരുപത് മിനിട്ടില്‍ അയ്യായിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രായേലിന്റെ മണ്ണില്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ ഷാര്‍ ഹനേഗേവ് റീജിയണല്‍ കൗണ്‍സില്‍ മേയര്‍ ഉള്‍പ്പെടെ 20 ഇസ്രായേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും 35-ഓളം ഇസ്രായേല്‍ സൈനികരെ ബന്ദികളാക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 60-ഓളം ഹമാസ് ആയുധധാരികള്‍ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടെന്നും 14 ഇടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയെന്നും ഇസ്രായേല്‍ സേന അറിയിച്ചു. ബൈക്കുകളിലും എസ്.യു.വികളിലും പാരാഗ്‌ളൈഡുകളിലുമായി ഇസ്രായേലിലേയ്ക്ക് കടന്ന ഹമാസ് ആയുധധാരികള്‍ സാധാരണക്കാര്‍ക്കുനേരെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇസ്രായേലിനുനേര്‍ക്കുള്ള ഹമാസിന്റെ ആക്രമണത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു.