പുന്നയ്ക്കന്‍ ടച്ച് വീണ്ടും; പുതിയ പുസ്തകത്തിന്റെ കവര്‍ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

Share

ദുബായ്: ദുബായുടെ സാംസ്‌കാരിക മണ്ഡലത്തില്‍ പുത്തന്‍ എഴുത്തുകാരെ സമ്മാനിക്കുന്ന ചിരന്തന പബ്ലിക്കേഷൻസിന്റെ 40-ാമത് പുസ്തകവും എഴുത്തുകാരനും രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകവുമായ ‘കാല്‍പ്പാടുകളുടെ’ കവര്‍ പേജ് ദുബായില്‍ പ്രകാശനം ചെയ്തു. കോണ്‍ഗ്രസ്സിന്റെ ദേശീയ മുതിര്‍ന്ന നേതാവും ഹരിപ്പാട് എം.എല്‍.എ-യുമായ രമേശ് ചെന്നിത്തലയാണ് പുസ്തകത്തിന്റെ കവര്‍ പേജ് ദുബായില്‍ പ്രകാശനം ചെയ്തത്.

രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ചരിത്രങ്ങളെ ബോധപൂര്‍വം തിരുത്തുന്ന ഇക്കാലത്ത് യഥാര്‍ത്ഥ ചരിത്ര സത്യങ്ങള്‍ വരും തലമുറയ്ക്ക് കൈമാറുന്ന ഒരു പുസ്തകമായിരിക്കും ‘കാല്‍പ്പാടുകള്‍’ എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നവംബര്‍ ആദ്യവാരത്തില്‍ ഷാര്‍ജയില്‍ നടക്കുന്ന 42-ാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ ‘കാല്‍പ്പാടുകളുടെ’ പ്രകാശനം നടക്കുമെന്ന് ദുബായ് ചിരന്തനയുടെ പ്രസിഡണ്ട് കൂടിയായ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

ഹൃദയരേഖകള്‍, ഇ. അഹമ്മദ് എന്ന പൂമരം, ഒപ്പം, കാലം സാക്ഷി എന്നീ പുസ്തകങ്ങളാണ് മുമ്പ് പുറത്തിറങ്ങിയ പുന്നയ്ക്കന്റെ പുസ്തകങ്ങള്‍. ഇന്‍കാസ് ദുബൈ കമ്മിറ്റി സെക്രട്ടറി പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍, ഐ.ഒ.സി ദുബൈ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംസീര്‍ നാദാപുരം, ഐ.ഒ.സി ദുബായ് സെക്രട്ടറി സിറിസ് കുന്നത്ത് പെരിന്തല്‍മണ്ണ, യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സുധീഷ് ചക്കാലയില്‍ മാവേലിക്കര എന്നിവര്‍ കവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.