കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചന്ന കേസില്‍ ഇന്നു രാവിലെ അറസ്റ്റിലായ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഇയാളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും ഉപാധികളോടെ ജാമ്യത്തില്‍ വിടാനും ഹൈക്കോടതി നിര്‍ദേശം നല്കി. ഇന്ന് രാവിലെ ഗള്‍ഫില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഷിയാസിനെ ലുക്കൌട്ട് നോട്ടീസ് പ്രകാരം കസ്റ്റംസാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കാസര്‍ഗോസ് ചന്തേര പോലീസിന് കസ്റ്റംസ് വിവരം കൈമാറി. ഇയാളെ കാസര്‍ഗോട്ടേയ്ക്ക് കൊണ്ടുപോകാൻ പോലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഷിയാസിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്നും റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും കോടതി ഉത്തരവിടുകയായിരുന്നു.
ഹോസ്ദുര്‍ഗ് താലൂക്കിലെ ജിംനേഷ്യം പരിശീലകയായ യുവതിയാണ് നടനെതിരെ കാസര്‍കോട് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഇന്നു രാവിലെ പിടികൂടിയത്. ഷിയാസിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷിയാസ് എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തിവരികയാണ്. ജിമ്മില്‍ ട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഇതുകണ്ട് മുപ്പത്തിരണ്ടുകാരിായ പരാതിക്കാരി ഷിയാസിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയും ചെയ്തു. ജീവിത പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി പതിനൊന്ന് ലക്ഷം രൂപ വാങ്ങിയെന്നും പരാതിയിലുണ്ട്. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നും രണ്ട് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതി ആരോപിക്കുന്നു.