2034-ലെ ഫിഫ ലോകകപ്പ് ഞങ്ങള്‍ നടത്താം; ആഗ്രഹം ഔദ്യോഗികമായി പ്രഖ്യാപിച്ച് സൗദി

Share

റിയാദ്: 2034-ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെന്ന് സൗദി അറേബ്യ. 2034 ലോകകപ്പ് വേദിയായി രാജ്യത്തെ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ലോകകപ്പിന്റെ സംഘാടന വേദി ലഭിക്കുന്നതിലൂടെ ആഗോള കായിക രംഗത്ത് ശ്രദ്ധേയമായ ഇരിപ്പിടം ഉറപ്പിക്കാനും അതുവഴി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും സൗദി രാജകുമാരന്‍ പ്രതികരിച്ചു. സൗദി കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനും സൗദി ഫുട്ബോള്‍ പ്രസിഡന്റ് യാസര്‍ അല്‍ മിസ്ഹലും ലോകകപ്പ് ആതിഥേയത്വത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ആതിഥേയത്വം നേടിയെടുക്കാന്‍ സൗദി നാമനിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ലോകകപ്പ് നടത്താനുള്ള സമയമാണിതെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് യാസര്‍ അല്‍ മിസ്ഹല്‍ പറഞ്ഞു. നിരവധി മുന്‍നിര ഫുട്ബോള്‍ ഇവന്റുകള്‍ക്ക് സൗദി വിജയകരമായി ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിവിധ രാജ്യങ്ങളില്‍ നടന്ന ഫിഫ ലോകകപ്പില്‍ ആറ് തവണ പങ്കെടുക്കാന്‍ യോഗ്യത നേടിയ രാജ്യമാണ് സൗദി അറേബ്യ. ഖത്തര്‍ ആതിഥേയത്വം വഹിച്ച കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കെതിരെ ചരിത്ര വിജയം നേടാനും സൗദിക്ക് കഴിഞ്ഞു. 2018 മുതല്‍ 50-ലധികം അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നടത്താന്‍ സൗദിക്ക് സാധിച്ചതും ശ്രദ്ധേയമാണ്. ഫുട്ബോള്‍, മോട്ടോര്‍ സ്പോര്‍ട്സ്, ടെന്നീസ്, കുതിരസവാരി, ഗോള്‍ഫ് എന്നിങ്ങനെ പുരുഷ-വനിത അത്ലറ്റുകളുടെ ഇഷ്ടകേന്ദ്രമായി ഇതിനോടകം സൗദി മാറുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ഉന്നമനത്തിനും കായിക മേഖല അനിവാര്യമായതിനാല്‍ ഈ മേഖലയില്‍ ഏറ്റവും മികച്ച നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നതായും സൗദി ഭരണകൂടം വ്യക്തമാക്കുന്നു.