കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ ജയില്‍ മാറ്റണം; ഉത്തരവുമായി പി.എം.എല്‍.എ കോടതി

Share

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ് പ്രതികളെ ജയില്‍ മാറ്റി പാര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. അനുമതിയില്ലാതെ എറണാകുളം സബ് ജയിലില്‍ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയതിനെതിരെ ഇ.ഡി അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രതികളായ സി.പി.എം നേതാവ് പി.ആര്‍. അരവിന്ദാക്ഷനെയും ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും എറണാകുളം സബ് ജയിലിലേക്ക് മാറ്റാന്‍ പി.എം.എല്‍.എ കോടതി ഉത്തരവിട്ടത്. സെപ്തംബര്‍ 26 ന് ഇ.ഡി അറസ്റ്റ് ചെയ്ത സി.പി.എം നേതാവ് പി.ആര്‍. അരവിന്ദാക്ഷനെയും ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും എറണാകുളം സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. തങ്ങളെ അറിയിക്കാതെ ഇരുവരെയും കാക്കനാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റിയെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ഇ.ഡിയുടെ പരാതി ഇന്നു പരിഗണിക്കും.

സെപ്തംബര്‍ നാലിന് അറസ്റ്റിലായ മുഖ്യപ്രതി പി.സതീഷ് കുമാറിന്റെയും പി.പി. കിരണിന്റെയും റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് റിമാന്‍ഡ് നീട്ടാന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഇ.ഡി അഭിഭാഷകന്‍ ജയില്‍ മാറ്റം ശ്രദ്ധയില്‍പെടുത്തിയത്. സതീഷ് കുമാറിന്റെയും കിരണിന്റെയും റിമാന്‍ഡ് ഒക്ടോബര്‍ 17 വരെ നീട്ടി. സതീഷ് കുമാറും കിരണും ജില്ലാ ജയിലിലാണ്. സതീഷ് കുമാറിനെയും അരവിന്ദാക്ഷനെയും ഒരേ ജയിലില്‍ പാര്‍പ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധമുള്ളതിനാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ജയില്‍ ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രതികളുടെ ജയില്‍മാറ്റമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.