പ്രളയത്തില്‍ മുങ്ങി സിക്കിം; 23 സൈനികരെ കാണാതായി; വ്യാപക നാശനഷ്ടം

Share

ഗാംങ്‌ടോക്ക്: പ്രളയ ദുരന്തത്തിൽ സിക്കിം. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത വെളളപ്പൊക്കത്തില്‍ 23 സൈനികരെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കന്‍ സിക്കിമിലെ ലൊനാക്ക് തടാകത്തിന് മുകളിലായാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയായിരുന്നു സംഭവം. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിൽ ലാചെന്‍ താഴ്വരയിലെ ചില സൈനിക ക്യാമ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചുംഗ്താങ് അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിട്ടതോടെ തടാകത്തിലെ ജലനിരപ്പ് 15 മുതല്‍ 20 അടി വരെ ഉയര്‍ന്നിരുന്നു. ഇത് ചുംഗ്താങിന് സമീപമുളള ബര്‍ദാംഗില്‍ പാര്‍ക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങളെ ബാധിക്കുകയും 23 സൈനികരെ കാണാതായെന്നുമാണ് ദേശീയ-അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമ്പുകളിൽ നിർത്തിയിട്ടിരുന്ന 41-ഓളം സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. ലൊനാക്ക് തടാകത്തിലെ ജലനിരപ്പ് ഉയര്‍ന്നത് ടീസ്റ്റ നദിയ്ക്ക് പ്രതികൂലമായെന്നാണ് വിലയിരുത്തൽ. തുടർന്ന് ജനവാസ മേഖലകളും പ്രളയജലത്തില്‍ മുങ്ങി. റോഡുകള്‍ വ്യാപകമായി തകര്‍ന്നു. ചുങ് താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്നാണ് വിലയിരുത്തൽ. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വെളളപ്പൊക്കത്തില്‍ റോഡുകള്‍ ഒലിച്ചു പോകുന്നതിന്റെയും നദികള്‍ കരകവിഞ്ഞ്  ഒഴുകുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.