ഡല്‍ഹി: ട്രയിന്‍ യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും കൈകോര്‍ത്ത് നിര്‍മിച്ച കോച്ചുകളുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടത്. വിമാനങ്ങളിലെ ബിസിനസ് ക്‌ളാസിനെ പോലും വെല്ലുന്ന രീതിയിലുള്ള ആധുനിക സൗകര്യങ്ങളാണ് സ്ലീപ്പര്‍ കോച്ചുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
അത്യാധുനിക സാങ്കേതിക മികവോടെ നിര്‍മ്മിച്ചിരിക്കുന്ന കോച്ചിന്റെ ഉള്‍ഭാഗം ഉപയോഗം പോലെതന്നെ കാഴ്ചയ്ക്കും ഏറെ ആകര്‍ഷണമാണ്. ആര്‍ക്കും നീണ്ടുനിവര്‍ന്ന് സുഖപ്രദമായി കിടക്കാന്‍ കഴിയുന്ന കുഷ്യന്‍ ബര്‍ത്തുകള്‍, ക്ലാസിക് വുഡന്‍ ഡിസൈന്‍, ആംബിയന്റ് ഫ്‌ലോര്‍ ലൈറ്റിംഗ്, മേല്‍ത്തരം ടോപ്പ് ലൈറ്റുകള്‍ എന്നിവയാണ് സ്ലീപ്പര്‍ കോച്ചിന്റെ ശ്രദ്ധേയമായ സവിശേഷത. പ്രായമേറിയവർക്കും സ്ത്രീകള്‍ക്കും വരെ മുകളിലത്തെ ബര്‍ത്തുകളിലേക്ക് അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന വിധത്തിലാണ് സജ്ജീകരണം. ഇതോടൊപ്പം ലഗേജുകള്‍ വളരെ ഭദ്രമായി സൂക്ഷിക്കാന്‍ ലോവര്‍ ബര്‍ത്തിനടിയില്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണനയില്‍ എടുത്തുകൊണ്ടാണ് കോച്ചുകളുടെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സീറ്റ് റീക്ലൈനിംഗ് ആംഗിള്‍ മെച്ചപ്പെടുത്തല്‍, വാഷ് ബേസിനുകളില്‍ നിന്നും വെള്ളം ശക്തമായി പുറത്തേക്ക് തെറിക്കുന്നത് ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള പൊതുജന നിര്‍ദ്ദേശങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം. അത്തരത്തിലുള്ള മാറ്റങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും അധികൃതര്‍ ഉറപ്പുതരുന്നുണ്ട്.
പുതിയ വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തു വന്നെങ്കിലും എന്നുമുതല്‍ ട്രയിൻ ട്രാക്കിലിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല. 2024 ഫെബ്രുവരി മാസത്തോടെ സ്ലീപ്പര്‍ കോച്ചുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. എന്നാല്‍ എവിടെ, ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ആദ്യ സര്‍വീസുകള്‍ ലഭിക്കുക എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹി-വാരാണസി റൂട്ടിലായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ആദ്യ സര്‍വീസ് ലഭിക്കുക. സര്‍വീസുകള്‍ ആരംഭിച്ച ശേഷവും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണന നല്‍കും. തുടര്‍ന്ന് കോച്ചുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനാണ് റയില്‍വേ ആലോചിക്കുന്നത്. വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ സർവീസ് അധികം താമസിയാതെ തന്നെ കേരളത്തിനും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.