ദുബായ് ഗ്രാന്റ് മിലാദ് സമ്മേളനം; ആത്മീയ നിര്‍വൃതിയില്‍ വിശ്വാസികള്‍

Share

ദുബായ്: നന്‍മയുടെ ദൂതനായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷപൂര്‍ണമാക്കാന്‍ പ്രാര്‍ത്ഥനയും, ആത്മീയ വൈജ്ഞാനിക പ്രഭാഷണങ്ങളും സാംസ്‌കാരിക പരിപാടികളും കോര്‍ത്തിണക്കി സംഘടിപ്പിച്ച 23-ാമത് ദുബായ് ഗ്രാന്‍ഡ് മിലാദ് കോണ്‍ഫറന്‍സ് വേറിട്ട അനുഭവമായി മാറി. ദുബായിലെ ദേര ഹോര്‍ലാന്‍സ് മേഖലയില്‍ താല്‍ക്കാലികമായി സജ്ജമാക്കിയ ആത്മീയ നഗരിയെ സമ്പന്നമാക്കാന്‍ ദേശ-ഭാഷാ-ജാതി-മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് ഒത്തുചേര്‍ന്നത്. മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃക ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രവാചകന്റെ ജീവിത സ്മരണകള്‍ തളം കെട്ടിനിന്ന 23-ാമത് ദുബായ് ഗ്രാന്‍ഡ് മിലാദ് സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസക്കടലായി മാറി. വെള്ളമണല്‍ പരപ്പില്‍ തയ്യാറാക്കിയ സമ്മേളന വേദിക്കു മുന്നിലെ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ സ്വദേശികളും വിദേശികളുമായ പൗര പ്രമുഖരും ആത്മീയ പ്രഭാഷകരും ഇടം പിടിച്ചപ്പോള്‍ തൊട്ടു പിന്നിലായി സമ്മേളനത്തെ ഹൃദയത്തിലേറ്റാന്‍ നാനാ ദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസ സമൂഹവും അണിനിരന്നു.

മഗരിബ് നമസ്‌കാരത്തിന് ശേഷമായിരുന്നു സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പ്രവാചകന്റെ ജീവിത പ്രകീര്‍ത്തനങ്ങള്‍ ആത്മീയ വര്‍ഷമായി പെയ്തിറങ്ങിയ നിമിഷങ്ങളായിരുന്നു പിന്നീട് സമ്മേളന വേദി. മുഖ്യ പ്രഭാഷണം നടത്തിയ അബ്ദുല്‍ വഹാബ് നഈം കൊല്ലത്തിന്റെ സുവിശേഷ വാക്കുകള്‍ വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വായി മാറി. നിസ്വാര്‍ത്ഥ സ്‌നേഹവും കലര്‍പ്പില്ലാത്ത കരുണയും വരികളിലും വരകളിലും മാത്രമായി ചുരുങ്ങിപ്പോകുന്ന വര്‍ത്തമാനകാലത്ത് തിരുനബിയുടെ സ്‌നേഹ ജീവിതമാണ് ഇന്നത്തെ ലോകം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍ നടത്തിയ അനുഗ്രഹ പ്രഭാഷണവും ആത്മീയ പ്രഭാഷണങ്ങള്‍ക്കിടയിലേക്ക് ഒഴുകിയെത്തിയ മൗലിദ് പാരായണവും ബുര്‍ദ ആലാപനവും മദ്ഹ് കീര്‍ത്തങ്ങളും മീലാദ് സമ്മേളനത്തെ ഭക്തി സാന്ദ്രമാക്കി.

സമ്മേളനത്തിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ വേദിയും സദസും ആവേശത്തിലേക്കുയര്‍ന്നു. അനൗന്‍സ്‌മെന്റ് സ്‌പോട്ടില്‍ നിന്നും യു.എ.ഇ ദേശീയ ഗാനത്തിന്റെ അറിയിപ്പ് വന്നതോടെ വേദിയും സദസും എഴുന്നേറ്റ് നിന്ന് പോറ്റമ്മ നാടിനോടുള്ള സ്‌നേഹവും ആദരവും പങ്കുവച്ചു. മറ്റൊരു അപൂര്‍വമായ അസുലഭ മൂഹൂര്‍ത്തത്തിന് കൂടി ആ മഹനീയ നഗരി സാക്ഷ്യം വഹിച്ചു. ആറ് മാസക്കാലം ഭൂമിയില്‍ നിന്നും അപ്രത്യക്ഷനായി ബഹിരാകാശത്ത് ജീവിതം നയിച്ച് യു.എ.ഇ-യെ ലോക നെറുകയിലേക്കുയര്‍ത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയെ ദേശീയ പതാക ഉയര്‍ത്തിക്കാട്ടിയും ബിഗ് സല്യൂട്ട് സമ്മാനിച്ചും മിലാദ് സമ്മേളനം നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. തുടര്‍ന്ന് ഹിസ് എക്‌സലന്‍സി ഖാലിദ് അല്‍ ബലൂഷി, മേജര്‍ ഉമര്‍ മുഹമ്മദ് അല്‍ മര്‍സൂഖി അടക്കമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഹിസ് എക്‌സലന്‍സി അബ്ദുല്‍ ഹമീദ് അല്‍ ബലൂഷി 23-ാമത് ദുബായ് ഗ്രാന്‍ഡ് മിലാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന എക്‌സലന്‍സി മീറ്റില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചതും അപൂര്‍വ കാഴചയായി. ദാനധര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അന്നദാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട്, മിലാദ് സമ്മേളനത്തില്‍ എത്തിയ എല്ലാവരുടെയും കൈകളില്‍ ഭക്ഷപ്പൊതി സമ്മാനിച്ചും മിലാദ് സമ്മേളനം മാതൃകയായി. അങ്ങനെ പ്രവാചക അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരുന്ന മിലാദ് സമ്മേളനത്തില്‍ നിന്ന് താല്‍ക്കാലികമായി വിട പറയുമ്പോഴും അടുത്ത വര്‍ഷത്തേക്കുള്ള കാത്തിരിപ്പിന്റെ പ്രാര്‍ത്ഥനയിലാണ് ഓരോ വിശ്വാസിയും..