News Desk: മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ മികച്ച പ്രതികരണവുമായി മുന്നേറുമ്പോള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന ഒരു കടം വീട്ടലിന്റെ മധുര പ്രതികാരം കൂടിയാണെന്ന സത്യം പലര്‍ക്കുമറിയില്ല. എന്നാല്‍ ആ രഹസ്യം ഇപ്പോള്‍ പരസ്യമാക്കിയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’ചിത്രത്തിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്റെ ഭാര്യ ഡോ: അഞ്ജു മേരി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോ: അഞ്ജു ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും അഞ്ജുവിന്റെ പോസ്റ്റ് സിനിമ മേഖലയില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്.
1989-ല്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘മഹായാനം’ എന്ന സിനിമയുടെ നിര്‍മ്മാതാവായ സി.ടി രാജന്‍ കണ്ണൂര്‍
സ്‌ക്വാഡിന്റെ സംവിധായകനായ റോബിയുടെയും, തിരക്കഥാകൃത്ത് റോണിയുടെയും പിതാവാണെന്ന കാര്യം സിനിമ മേഖലയില്‍ തന്നെ പലര്‍ക്കും അറിയില്ല. ഇക്കാര്യം ആമുഖമായി പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ റോബിയുടെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ”ഈ ചിത്രം പോസ്റ്റ് ചെയ്യാനായതില്‍ ഒരുപാട് സന്തോഷം. 1989-ല്‍ മമ്മൂട്ടി നായകനായ ‘മഹായാനം’ എന്ന സിനിമ നിര്‍മ്മിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി. ഒടുവില്‍ നിര്‍മ്മാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ട് കൊണ്ടുപോയി. 34 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ റോണി തിരക്കഥയെഴുതി ഇളയമകന്‍ സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വച്ച്. ജീവിതവൃത്തം പൂര്‍ത്തിയാവുന്നു.” ഇങ്ങനെയാണ് ഡോ. അഞ്ജു മേരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഇതിനെക്കുറിച്ച് നടന്‍ അസീസ് നെടുമങ്ങാടും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചു. ‘തലമുറകളുടെ നായകന്‍’ എന്ന പേര് വിശേഷണം ഇതൊക്കെ കൊണ്ടുകൂടിയാണ് മമ്മൂട്ടി അര്‍ഹിക്കുന്നത് എന്നാണ് അസീസ് നെടുമങ്ങാട് കുറിച്ചത്.