ഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ സര്‍വീസ് മേഖലയിലടക്കം അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇപ്പോഴിതാ എയര്‍ ഇന്ത്യ എയര്‍ലൈന്‍സിന്റെ വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ പരമ്പരാഗതമായ വസ്ത്രധാരണത്തില്‍ മാറ്റം വരുത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നിലവില്‍ എയര്‍ ഇന്ത്യ വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ജോലിസമയം ധരിക്കുന്ന വേഷം സാരിയാണ്. ഇത് കഴിഞ്ഞ 60 വര്‍ഷമായി തുടര്‍ന്നു വരുന്ന പരമ്പരാഗതമായ വേഷവിധാനമാണ്. ഈ വസ്ത്രധാരണ ശൈലിക്കാണ് ഇപ്പോള്‍ മാറ്റം വരുത്താന്‍ പോകുന്നത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. 2023 നവംബറോടെ പുതിയ യൂണിഫോം അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യ വനിതാ ക്യാബിന്‍ അംഗങ്ങള്‍ക്ക് പുതിയ യൂണിഫോം രൂപകല്‍പന ചെയ്യുകയെന്നും എന്നാല്‍ ഇതിനെക്കുറിച്ച് മനീഷ് മല്‍ഹോത്ര ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
പുതിയ യൂണിഫോം തെരഞ്ഞെടുക്കാന്‍ വിവിധ ഓപ്ഷനുകള്‍ എയര്‍ലൈനിന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഡേണ്‍ വേഷങ്ങള്‍ക്കൊപ്പം റെഡി ടു വെയര്‍ സാരികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എയര്‍ലൈന്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് യൂണിഫോമിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒക്ടോബറിലോ നവംബറിലോ പ്രതീക്ഷിക്കുന്ന എയര്‍ബസ് എ-350 വിമാനം എത്തുമ്പോള്‍ എയര്‍ലൈനിന്റെ പുതിയ രൂപം കാണാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യയുടെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. 1962-ല്‍ ജെ. ആര്‍.ഡി ടാറ്റയാണ് വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കായി മുന്‍കാല യൂണിഫോം മാറ്റി സാരി അവതരിപ്പിച്ചത്. ആ ശൈലി 6 പതിറ്റാണ്ടുകള്‍ക്കിപ്പുറവും തുടരുകയാണ്.