NEWS DESK: ഏഴു പതിറ്റാണ്ടോളം നീണ്ട സംഗീത ജീവിതം…അതില്‍ ഒരു മഹാമേരുവായി നിലകൊണ്ട ഇന്ത്യയുടെ വാനമ്പാടിയാണ് ലതാ മങ്കേഷ്‌കര്‍. മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമായി 30,000-ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ലീജിയന്‍ ഓഫ് ഓണര്‍’ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടി.
1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലതയുടെ ജനനം. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികകയും സംഗീത സംവിധായികയുമായ മീന ഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്‌കര്‍. ലതയ്ക്ക് ആദ്യം മാതാപിതാക്കള്‍ നല്‍കിയ പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓര്‍മയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു. പിതാവ് മരിച്ചതോടെ 13-ാം വയസ്സില്‍ തന്നെ കുടുംബത്തെ നോക്കേണ്ടത് ലതയുടെ ഉത്തരവാദിത്തമായി.
ദീനനാഥിന്റെ കുടുംബ സുഹൃത്തും നവ്യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റര്‍ വിനായകാണ് ലതയ്ക്ക് സിനിമയില്‍ പാടാനും അഭിനയിക്കാനും അവസരം ഒരുക്കിക്കൊടുത്തത്. ഗജഭാവു, ചിമുക്ലാ സംസാര്‍ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവന്‍യാത്ര, മന്ദിര്‍ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 1945 ല്‍ മുംബൈയിലെത്തിയ ലത, ഉസ്താദ് അമന്‍ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ തുടങ്ങി. ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ ‘രാ ലഗൂന്‍ കര്‍ ജോരി’ അടക്കമുള്ള ചില പാട്ടുകള്‍ ലതയെ ശ്രദ്ധേയയാക്കി. ദില്‍ മേരാ തോടാ, ബേ ദര്‍ദ് തേരേ ദര്‍ദ് കോ, മഹല്‍ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. നൗഷാദ്, ശങ്കര്‍-ജയ്കിഷന്‍, എസ്.ഡി ബര്‍മന്‍, പണ്ഡിറ്റ് ഹുസന്‍ ലാല്‍ ഭഗത് റാം, ഹേമന്ത് കുമാര്‍, സലില്‍ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദന്‍ മോഹന്‍, റോഷന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍ തുടങ്ങി എ.ആര്‍ റഹ്‌മാന്‍ വരെയുള്ള സംഗീത സംവിധായകര്‍ക്കു വേണ്ടി ലത പാടി.
പ്രമുഖ ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്‌കര്‍ മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന ‘കദളി കണ്‍കദളി ചെങ്കദളി പൂ വേണോ… ‘ (ചിത്രം : നെല്ല്). മന്നാഡേ, കിഷോര്‍ കുമാര്‍, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവര്‍ക്കൊപ്പം ലത പാടിയ ഒട്ടനവധി ഗാനങ്ങളും ഇന്നും സംഗീത പ്രേമികളുടെ ഹൃദയത്തിലുണ്ട്. 1962-ല്‍ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച ‘യേ മേരെ വതന്‍ കെ ലോഗോം’ എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവന്‍ ഏറ്റുപാടി. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ട വിനോദങ്ങള്‍.
അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മിച്ചു. 1948-നും 1974-നും മധ്യേ ലത മങ്കേഷ്‌കര്‍ 25,000-ത്തിലധികം ഗാനങ്ങളാണ് പാടിയത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച ഗായിക എന്ന പേരില്‍ ഗിന്നസ് ബുക് ഓഫ് റെക്കോര്‍ഡ്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലം വാര്‍ദ്ധക്യ സഹജവും അല്ലാത്തതുമായ രോഗങ്ങള്‍ അലട്ടിയിരുന്ന ലതയെ, കോവിഡ്-19 2022 ജനുവരി 11-ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍ ആരോഗ്യനിലയില്‍ മികച്ച പുരോഗതി കൈവരിച്ച അവര്‍, പിന്നീട് അതീവ ഗുരുതരാവസ്ഥയിലാകുകയും, 2022 ഫെബ്രുവരി 6-ന് സംഗീത ലോകത്തോട് വിടപറഞ്ഞു.