ഡോ: എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിടവാങ്ങിയത് ഹരിത വിപ്ലവത്തിന്റെ നായകന്‍

Share

ചെന്നൈ: ഇന്ത്യന്‍ കാര്‍ഷിക വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ: എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. ഇന്ത്യന്‍ സമയം 11:30-ന് ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹം. ഡോ: എം.കെ സാംബശിവന്റെയും പാര്‍വതി തങ്കമ്മാളിന്റെയും മകനായി 1925 ഓഗസ്റ്റ് ഏഴിന് ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് പ്രദേശത്തായിരുന്നു ജനനം. തുടർന്നുള്ള ബാല്യകാല ജീവിതം തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തായിരുന്നു. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്.  ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തതയിലൂടെ പുരോഗതിയിലേക്ക് നയിക്കാന്‍ ഡോ: എം.എസ് സ്വാമിനാഥന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഒരുപരിധിവരെ രാജ്യത്തെ പട്ടിണി ഇല്ലാതാക്കാന്‍ സഹായകമായത് എം.എസ് സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള ശാസ്ത്രീയ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ ഇടപെടലിലൂടെയാണ്.

കുംഭകോണം കത്തോലിക്കേറ്റ് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1944-ല്‍ സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസ് അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ നിന്ന് അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ ബിരുദവും കരസ്ഥമാക്കി. ജനറ്റിക്ക് ആന്‍ഡ് പ്‌ളാന്റ് ബ്രീഡിംഗില്‍ തുടര്‍ പഠനം നടത്തിയതോടെയാണ് ലോകത്തെ അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായി എം.എസ് സ്വാമിനാഥന്‍ വളര്‍ന്നത്. 1949-ല്‍ നെതര്‍ലാന്‍ഡ്‌സിലെ ജനിതക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉരുളക്കിഴങ്ങിലെ ജനിതക പഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം യുനെസ്‌കോ ഫെലോഷിപ്പ് സ്വീകരിക്കുകയും 1950-ല്‍ കേംബ്രിഡ്ജില്‍ ഗവേഷണത്തിന് ചേരുകയും ചെയ്തു. ഡോക്ടറേറ്റ് നേടുന്നത് 1952-ലാണ്. അമേരിക്കന്‍ കാര്‍ഷിക വകുപ്പിനു കീഴില്‍ ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ സഹായകമായത് ഡോ: സ്വാമിനാഥന്റെ ഇടപെടലിലൂടെയാണ്.

1955 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ഇക്കാലയളവിലാണ് മികച്ച ഉല്‍പ്പാദന ക്ഷമതയുള്ള ഗോതമ്പ് വിത്തുകള്‍ക്കായി ഗവേഷണം നടത്തിയത്. ദീര്‍ഘനാള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1965-ൽ ആയിരുന്നു ഡോ: സ്വാമിനാഥന്റെ ശാസ്ത്ര വൈഭവം കാര്‍ഷിക വിപ്ലവത്തിന് വഴിമാറിയത്. അത്യുല്‍പാദക ശേഷിയുള്ള കാര്‍ഷിക വിത്തിനങ്ങള്‍ വികസിപ്പിക്കുകയും അതിലൂടെ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി ഹരിത വിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

ഏഴ് വര്‍ഷത്തോളം അതായത് 1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ആയും തുടര്‍ന്നുള്ള ഒരുവര്‍ഷക്കാലം കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 1988-ല്‍ ചെന്നൈ കേന്ദ്രമാക്കി എം.എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന് രൂപം നല്‍കി. 2004 മുതല്‍ 2006 വരെ ഇന്ത്യയുടെ ദേശീയ കര്‍ഷക കമ്മീഷന്‍ അധ്യക്ഷനായിരുന്ന ഡോ: സ്വാമിനാഥന്‍ 2007 മുതല്‍ 2013 വരെ രാജ്യസഭ മെമ്പറായിരുന്നു. ഇക്കാലളവില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആഗോള ഉന്നതാധികാര വിദഗ്ധ സമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചു.

രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ സേവന വഴിയില്‍ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. യുനെസ്‌കോയുടെ മഹാത്മാ ഗാന്ധി അവാര്‍ഡ്, രമണ്‍ മാഗ്സസെ അവാര്‍ഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, പരിസ്ഥിതി സംരക്ഷണത്തിനുള്ള യു.എന്‍.ഇ.പി അവാര്‍ഡ്, ബോര്‍ലോഗ് അവാര്‍ഡ് അങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ നേടിയെത്തിയത്. അതുല്യ പ്രതിഭയുടെ വേര്‍പാടിന് മുന്നിൽ ഗള്‍ഫ് ഐ 4 ന്യൂസിന്റെ ആദരാഞ്ജലി…