ഓസ്‌കാറിലേക്ക് കണ്ണും നട്ട് ‘2018’; പ്രളയകഥയില്‍ പ്രതീക്ഷയോടെ അണിയറ പ്രവര്‍ത്തകര്‍

Share

ഡല്‍ഹി: കേരളം അസാധാരണമായി നേരിട്ട പ്രളയ ദുരന്തത്തെ ഇതിവൃത്തമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന മലയാള സിനിമയ്ക്ക് 2024-ലേക്കുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ലഭിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന സിനിമ തിയേറ്ററിലും വലിയ വിജയം നേടിയിരുന്നു. 2018-ല്‍ കേരളം നേരിട്ട പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ് ഈ സിനിമ പറയുന്നത്.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തിലെ ജോലി നഷ്ടപ്പെടുത്തി നാട്ടിലേക്ക് മടങ്ങുകയും പ്രളയകാലത്ത് സ്വയം ഹീറോ ആയി മാറുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ഈ ചിത്രത്തിലൂടെ അവതരിപ്പി്ച്ചിരിക്കുന്നത്. ആസിഫ് അലി, ലാല്‍, നരേന്‍, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായതിനൊപ്പം നിരൂപക പ്രശംസയും ഈ ചിത്രം നേടിയിരുന്നു. കാവ്യ ഫിലിം കമ്പനിയുടെയും പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ വേണു കുന്നപ്പിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

കന്നഡ സംവിധായകന്‍ ഗിരീഷ് കാസറവള്ളിയുടെ അധ്യക്ഷതയില്‍ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സംവിധായകന്‍ ജോഷി ജോസഫ്, സ്റ്റണ്ട് ഡയറക്ടര്‍ എസ്. വിജയന്‍, നിര്‍മാതാവ് മുകേഷ് മെഹ്ത, ആസാമീസ് സംവിധായകന്‍ മഞ്ജു ബോറ, കോസ്റ്റ്യൂം ഡിസൈനര്‍ വാസുകി ഭാസ്‌കര്‍, എഴുത്തുകാരും സംവിധായകരുമായ ആര്‍. മധേഷ്, എം.വി രഘു, രാഹുല്‍ ഭോലെ, സിനിമാ ചരിത്രകാരന്‍ ആശോക് റാണെ എന്നിവരടങ്ങിയ 16 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുത്തത്. 22 സിനിമകള്‍ കണ്ടതിന് ശേഷമായിരുന്നു ജൂറിയുടെ തീരുമാനം.

2022-ല്‍ പുറത്തിറങ്ങിയ ‘ഛെല്ലോ ഷോ’, 2021-ലെ ‘കൂഴങ്കള്‍’, 2020-ലെ മലയാള സിനിമ ‘ജല്ലിക്കെട്ട്’, 2019-ല്‍ റിലീസായ ‘ഗല്ലി ബോയ്’, 2018-ല്‍ പുറത്തിറങ്ങിയ ‘വില്ലേജ് റോക്ക്സ്റ്റാര്‍സ’്, 2017-ലെ ‘ന്യൂട്ടണും’, 2016-ല്‍ ‘വിസാരണൈ’-യും മുന്‍ വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഓസ്‌കാര്‍ ഔദ്യോഗിക എന്‍ട്രികളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ആര്‍ക്കും ഓസ്‌കര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. മദര്‍ ഇന്ത്യ, സലാം ബോംബെ, ലഗാന്‍ എന്നിവ മാത്രമാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. അതേസമയം 2023-ലെ ഓസ്‌കാറില്‍ രണ്ട് പുരസ്‌കാരങ്ങളാണ് ഇന്ത്യ കരസ്ഥമാക്കിയത്. ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഇന്ത്യ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ നേടി. അക്കാദമി വേദിയില്‍ ഗാനം അവതരിപ്പിച്ചതും ശ്രദ്ധേയമായി.