ജി.സി.സി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒറ്റവിസ? തീരുമാനം ഉടനുണ്ടായേക്കും

Share

അബുദബി: ഒറ്റ വിസയിലൂടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന സാഹചര്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണെങ്കിലും അതിന്റെ പ്രായോഗികത സംബന്ധിച്ച് സ്വാഭാവികമായും സംശയമുണ്ടായേക്കാം. എന്നാല്‍ ആ സംശയത്തെ അസ്ഥാനത്താക്കുന്ന തരത്തില്‍ അങ്ങനെയൊരു സാഹചര്യം യാഥാര്‍ത്ഥ്യമാക്കാന്‍ പോകുകയാണ്. അതിന്റെ സൂചനകളാണ് അബുദാബിയില്‍ ചേര്‍ന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലൂടെ പുറത്തുവന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഏകീകൃത ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വരുന്നതോടെ ജി.സി.സി-യിലെ അതായത് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗന്‍സിലില്‍പെട്ട യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ 6 രാജ്യങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശിക്കാന്‍ സാധിക്കും. നിലവില്‍ ഓരോ രാജ്യത്തേക്കും യാത്ര ചെയ്യണമെങ്കില്‍ പ്രത്യേകം വിസ ആവശ്യമാണ്. എന്നാല്‍ ഈ ആശയം എപ്പോള്‍ നടക്കുമെന്നോ എങ്ങനെയാണ് നടപ്പിലാക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പക്ഷേ യാഥാര്‍ത്ഥ്യമായാല്‍ അതൊരു ചരിത്ര തീരുമാനമാകും. ലോകം ടൂറിസത്തിലേക്ക് വ്യാപരിക്കുമ്പോൾ കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ഗള്‍ഫ് മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു നിര്‍ണായക തീരുമാനം കൈക്കൊള്ളുന്നതെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നുമാണ് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അറിയിച്ചത്. ജി.സി.സി മേഖലയില്‍ ഏകീകൃത വിസ സംവിധാനം നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസയുടെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.