NEWS DESK: ഇതിഹാസ ഗായകന്‍ എസ്.പി.ബി എന്ന ചുരുക്കപ്പേരില്‍ ഇന്ത്യയുടെ മനസ്സ് കീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്.പി. ബാല സുബ്രഹ്‌മണ്യം ഓര്‍മയായിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ തികയുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യന്‍ ചലച്ചിത്രഗാന രംഗത്തെ വിഖ്യാത ഗായകരില്‍ ഒരാളായ എസ്.പി.ബി- ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ശബ്ദകലാകാരന്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞാടിയ പ്രതിഭയാണ്. സൂപ്പര്‍സ്റ്റാര്‍ തലമുറകളുടെ തിളക്കത്തിന് മാറ്റുകൂട്ടിയ ശബ്ദമായിരുന്നു എസ്.പി.ബി-യുടേത്. കോവിഡ് ബാധയ്ക്ക് തൊട്ടു മുമ്പ് വരെ സംഗീതലോകത്ത് സജീവമായിരുന്നു എസ്.പി.ബി. കോറോണ വൈറസ് സംഗീത ലോകത്ത് തീര്‍ത്ത വലിയ നഷ്ടമാണ് ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റേത്.
എസ്.പി.ബി എന്നത് സംഗീത പ്രേമികള്‍ക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല. അതൊരു വികാരമായിരുന്നു.. ആത്മാവിനോട് ചേര്‍ത്തുവച്ച അനേകം ഗാനങ്ങള്‍ ആയിരുന്നു. പ്ലേ ബാക്കിലും ലൈവ് ആയും അദ്ദേഹം തീര്‍ത്ത സംഗീത മാധുരിയില്‍ എത്രയോ ലക്ഷം ആരാധകരുടെ സ്‌നേഹ സന്തോഷങ്ങള്‍ അലിഞ്ഞു ചേര്‍ന്നു. പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. സകലകലാവല്ലഭന്‍ എന്നു വരെ വിശേഷിപ്പിക്കാവുന്ന പ്രതിഭയായ എസ്.പി.ബി സംവിധായകന്‍, അഭിനേതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, റിയാലിറ്റി ഷോ വിധികർത്താവ് എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എസ്.പി.ബി-യുടെ സംഗീതലോകം ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ‘കേളടി കണ്‍മണി’ എന്ന ചിത്രത്തിലെ ‘മണ്ണില്‍ ഇന്ത കാതല്‍’ എന്നു തുടങ്ങുന്ന ഗാനമാണ്. ഭൂമിയില്‍ പ്രണയമുള്ള കാലത്തോളം ആഘോഷിക്കപ്പെട്ടേക്കാവുന്ന, മാന്ത്രിക സ്വഭാവമുള്ള ഈ ഗാനം അദ്ദേഹത്തിന്റെ കരിയറിലെ ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്നാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ തന്നെ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ ശാസ്ത്രീയ ഗാനങ്ങളെല്ലാം പാടി എന്നതാണ് എസി.പി.ബി എന്ന ഗായകനിലെ മറ്റൊരു വിസ്മയം.
1946 ജൂണ്‍ 4-ന് ആന്ധ്ര പ്രദേശിലെ നെല്ലൂരില്‍ ഹരികഥാ കലാകാരന്‍ എസ്.പി സാംബ മൂര്‍ത്തിയുടെയും ശകുന്തളയുടെയും മകനായാണ് എസ്.പി.ബി-യുടെ ജനനം. മകനെ എന്‍ജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി 40,000 ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങള്‍ പാടിയ മറ്റൊരു ഗായകന്‍ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. തെലുങ്ക് സംഗീത സംവിധായകന്‍ എസ്.പി കോദണ്ഡപാണിയുടെ 1966-ല്‍ പുറത്തിറങ്ങിയ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ’-യിലാണ് ആദ്യമായി പാടിയത്. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജനുവേണ്ടി 1969-ൽ പുറത്തിറങ്ങിയ കടൽപ്പാലം എന്ന ചിത്രത്തിന് വേണ്ടിയാണ്. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട ‘പഞ്ചാം’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു.
ഏറ്റവും കൂടുതല്‍ ചലച്ചിത്ര പിന്നണി ഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് റെക്കോഡിനൊപ്പം തന്നെ ഒറ്റ ദിവസം 21 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തും എസ്.പി.ബി അത്ഭുതം സൃഷ്ടിച്ചു. 1981 ഫെബ്രുവരി 8 നായിരുന്നു ആ ദിനം. രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് കന്നഡ സിനിമയിലെ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകള്‍ പാടിയത്. ഒരു ദിവസം 19 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തും, പിന്നീടൊരിക്കല്‍ ഒരു ദിനം 16 ഹിന്ദി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുമൊക്കെ സംഗീത പ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. സംഗീത സദസ്സുകളിലെ അദ്ദേഹത്തിന്റെ നിറഞ്ഞ പുഞ്ചിരി ആരാധകര്‍ക്കും മനസ്സിനും സന്തോഷം നല്‍കിയിരുന്നു. സഹ-ഗായകരോടും സംഗീതജ്ഞരോടുമുള്ള പരസ്പര ബഹുമാനവും ആദരവും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. വോയ്സ് ഓഫ് ലെജന്റ്‌സ് എന്ന അദ്ദേഹത്തിന്റെ സംഗീത സദസ്സ് നിരവധി അത്ഭുതകരമായ നിമിഷങ്ങളും അവിസ്മരണീയമായ സംഭവവികാസങ്ങളും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ഗാനങ്ങള്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും സ്പര്‍ശിക്കും എന്നതിനപ്പുറം സ്റ്റേജിലെ അദ്ദേഹത്തിന്റെ തമാശകള്‍ ആരാധകരെ ഏറെ ചിരിപ്പിക്കുന്നവയാണ്. വിനയത്തോടെയുള്ള അദ്ദേഹത്തിന്റെ സംസാരം ആരാധകര്‍ക്ക് വലിയ പാഠങ്ങള്‍ തന്നെയാണ്.
വളര്‍ന്നുവരുന്ന നിരവധി ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും അദ്ദേഹം ഒരു തീരാനഷ്ടം തന്നെയാണ്. കാരണം യുവഗായകര്‍ക്ക് വളരെ മികച്ച ഉപദേശങ്ങള്‍ നല്‍കുന്ന വലിയ മനസ്സിന് ഉടമ കൂടിയായിരുന്നു. നിഷ്‌കളങ്കമായ സ്‌നേഹമാണ് എന്നും അദ്ദേഹത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നത്. കുട്ടികളെ പോലെ ഒരിയ്ക്കലും അവസാനിക്കാത്ത ജിഞ്ജാസയാണ് എസ്.പി.ബിയെ സംഗീതലോകത്തെ അതികായനാക്കി മാറ്റിയത്. ജീവിതത്തിലും സംഗീതത്തിലും എന്നും വിദ്യാര്‍ത്ഥിയായി ഇരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഒരു പിന്നണി ഗായകനെന്ന നിലയിലെ എസ്.പി.ബി-യുടെ വിജയത്തിന് പിന്നിലെ രഹസ്യവും ഇത് തന്നെയാണ്. മുതിര്‍ന്ന ഗായകരോട് എന്നും അദ്ദേഹത്തിന് വലിയ ബഹുമാനമായിരുന്നു. യുവഗായകരെയും സംഗീത സംവിധായകരെയും പ്രശംസിക്കുന്നതിലും എസ്.പി.ബി മടി കാണിച്ചിരുന്നില്ല. അഞ്ച് പതിറ്റാണ്ടോളം ഹൃദയം കൊണ്ട് പാടുകയും ജീവിക്കുകയും ചെയ്ത എസ്.പി.ബി എന്നും സംഗീത ലോകത്തെ നിത്യവസന്തമാണ്. പാടി തീരാത്ത പാട്ടു പോലെയാണ് ഇന്നും സംഗീത പ്രേമികള്‍ക്ക് എസ്.പി ബാലസുബ്രഹ്‌മണ്യമെന്ന മഹാഗായകന്‍.
നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം 6 തവണ അദ്ദേഹത്തെ തേടിയെത്തി. 1979-ല്‍ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ‘ഓംകാര നാദാനു’…. എന്ന ഗാനം ആദ്യത്തെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. ‘ഏക് ദുജേ കേലിയേ’ (ഹിന്ദി – 1981), ‘സാഗര സംഗമം’ (തെലുങ്ക് – 1983), ‘രുദ്രവീണ’ (തെലുങ്ക് – 1988), ‘സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി’ (കന്നഡ – 1995), ‘മിന്‍സാര കനവ്’ (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചു. 2001-ല്‍ പത്മശ്രീയും 2011-ല്‍ പദ്മഭൂഷണും ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ ‘കലൈമാമണി’ പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ ‘ഹരിവരാസനം’ പുരസ്‌കാരം, കര്‍ണാടക സര്‍ക്കാരിന്റെ ‘കര്‍ണാടക രാജ്യോല്‍സവ’ അവാര്‍ഡ് എന്നിവ ലഭിച്ചു. പല സര്‍വകലാശാലകളും ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പല തവണ നേടിയിട്ടുണ്ട്. 25 തവണയാണ് ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് എസ്.പി.ബി-യെ തേടിയെത്തിയത്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കെ. ബാലചന്ദര്‍ സംവിധാനം നിര്‍വഹിച്ച ‘മനതില്‍ ഉറുതി വേണ്ടും’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു വന്ന ‘കേളടി കണ്‍മണി’ ഏറെ ശ്രദ്ധേയമായിരുന്നു. ‘മുദിനമാവ’ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
സാവിത്രിയാണ് ഭാര്യ. എസ്.പി.ബി ചരണ്‍, പല്ലവി എന്നിവരാണ് മക്കള്‍. മകന്‍ ചരണ്‍ അച്ഛന്റെ വഴി പിന്തുടര്‍ന്ന് സംഗീതലോകത്ത് എത്തി. ഗായകനെന്നതിനൊപ്പം നടനെന്ന രീതിയിലും ശ്രദ്ധേയനാണ് ചരണ്‍. 2020 ഓഗസ്റ്റ് 5-ന് കോവിഡ്-19 പോസിറ്റീവ് ഫലം ലഭിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എസ്.പി.ബി ചികിത്സാനന്തരം കോവിഡ് മുക്തനാവുകയും തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സെപ്റ്റംബര്‍ 25-ന് ലോകത്തോട് വിട പറഞ്ഞു.