ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണ്ണത്തിളക്കം

Share

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എതിര്‍ ടീമായ ശ്രീലങ്കയെ 19 റന്‍സിന് മുട്ടുകുത്തിച്ചാണ് മലയാളി താരം മിന്നുമണി അടക്കമുള്ള ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത്. ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് എത്തിയ ഇന്ത്യന്‍ ടീം സുവര്‍ണ നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം രണ്ടായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് മാത്രമാണ് നേടാനായത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ സ്വര്‍ണം ലക്ഷ്യം വെച്ചുള്ള ബാറ്റിങാണ് പുറത്തെടുത്തത്. നന്നായി തുടങ്ങിയെങ്കിലും ഷഫാലി വര്‍മ്മയെ ഇന്ത്യയ്ക്ക് വേഗം നഷ്ടമായി. ഒമ്പത് റണ്‍സ് മാത്രമാണ് ഷഫാലി നേടിയത്. രണ്ടാം വിക്കറ്റില്‍ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ് എന്നിവര്‍ ഒന്നിച്ചതോടെ ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറി. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 46 റണ്‍സെടുത്ത മന്ദാന പുറത്തായതോടെ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. റിച്ച ഘോഷ് ഒമ്പത്, ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ രണ്ട്, പൂജ വസ്‌ത്രേക്കര്‍ രണ്ട് എന്നിവര്‍ വന്നപോലെ മടങ്ങി.

ഇന്ത്യന്‍ പ്രതീക്ഷകളുമായി ക്രീസില്‍ ഉണ്ടായിരുന്ന ജമീമ റോഡ്രിഗസ് 42 റണ്‍സെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ 7ന് 116 റണ്‍സില്‍ ഒതുങ്ങി. അവസാന അഞ്ച് ഓവറില്‍ 17 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത്. എങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെ മികച്ച സ്‌കോറാണ് ഇന്ത്യ ഉയര്‍ത്തിയത്. പിന്നാലെ അച്ചടക്കത്തോടെയുള്ള ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്കയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

ബാറ്റിങ്ങിൽ തുടക്കത്തിലെ ലങ്കയ്ക്ക്  തകര്‍ച്ച നേരിട്ടു. 15 റണ്‍സിനിടെ 3 പേരാണ് പുറത്തായത്.  മൂന്ന് വിക്കറ്റും പേസര്‍ ടിറ്റാസ് സാധുവാണ് സ്വന്തമാക്കിയത്. പിന്നാലെ സ്‌കോറിങ്ങിന് വേഗത കുറഞ്ഞു. വിക്കറ്റുകള്‍ വീഴാതെ സൂക്ഷിച്ചെങ്കിലും സ്‌കോറിങ്ങിന് വേഗത കുറവായിരുന്നു. സ്‌കോറിങ്ങിന് വേഗത കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റുകള്‍ വീണു. ഒടുവില്‍ നിശ്ചത ഓവറുകള്‍ എറിഞ്ഞ് തീരുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടാന്‍ മാത്രമേ ലങ്കയ്ക്ക് കഴിഞ്ഞുള്ളു.