മൗനം വെടിയാതെ സുരേഷ് ഗോപി; താരം തൃശൂരില്‍ മല്‍സരിക്കുമെന്ന് കെ. സുരേന്ദ്രന്‍

Share

ദുബായ്: അങ്ങനെ ബി.ജെ.പി-യുടെ താരമുഖമായ സുരേഷ് ഗോപിയെ കൊല്‍ക്കത്തയിലേക്ക് പറഞ്ഞയയ്ക്കുകയാണ്. സ്വയംഭരണ സ്ഥാപനമായ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനം മുന്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ഏറ്റെടുക്കണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത സമൂഹ മാദ്ധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. എന്നാല്‍ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ നിയമന വിവരം ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണ് സുരേഷ് ഗോപി അറിഞ്ഞത് എന്നതാണ് പ്രധാന കാരണം. ഇത് സുരേഷ്ഗോപിയെ വല്ലാതെ അസ്വസ്ഥനാക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നു.

ഒരു മുന്‍ എം.പി കൂടിയായ സുരേഷ് ഗോപിയൊട് കൂടിയാലോചനകള്‍ ഇല്ലാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബി.ജെ.പി കേന്ദ്ര ഘടകത്തെ പ്രേരിപ്പിച്ചത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയവും കേരള രാഷ്ട്രീയവും ഉറ്റുനോക്കുന്നത്. അതും ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ ഈ തെരഞ്ഞെടുപ്പില്‍ സുരേഷ്ഗോപി മല്‍സര രംഗത്ത് ഉണ്ടാകില്ലെന്നത് ഏറെക്കുറെ ഉറപ്പാണ്. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍കൂട്ടി സ്വയം പ്രഖ്യാപിച്ച് ഇപ്പോഴേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സുരേഷ് ഗോപിക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. അതിന്റെ ഭാഗമായാണ് കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നടക്കുന്ന പ്രത്യേകിച്ചും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തീവെട്ടിക്കൊള്ളയ്ക്കെതിരെ സമരം പ്രഖ്യാപിച്ച് ഒക്ടോബര്‍ 2-ന് സുരേഷ് ഗോപി പദയാത്ര നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിന് പിന്നില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു internal politics ഉണ്ട്. കേരളത്തിലെ ബി.ജെ.പി രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്ത് വണ്‍മാന്‍ ഷോയ്ക്ക് സുരേഷ്ഗോപി ശ്രമിക്കുകയാണെന്നാണ് കേരള നേതാക്കള്‍ പറയുന്നത്. അതുകൊണ്ടാണല്ലോ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ സ്വയം പ്രഖ്യാപിച്ച് പദയാത്ര നടത്താന്‍ സുരേഷ്ഗോപി തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ മറികടന്ന് ഇത്തരമൊരു വന്‍മാന്‍ഷോ കാണിച്ചാല്‍ അത് നരേന്ദ്രമോഡിക്കും അമിത് ഷായ്ക്കും മനസ്സിലാവില്ലെ എന്നാണ് പിന്നാമ്പുറത്തെ സംസാരം. പലപ്പോഴും തീവ്ര-ഹൈന്ദവ വികാരം പ്രകടിപ്പിക്കുന്ന സുരേഷ് ഗോപിയെ രാഷ്ടീയമായി ഒതുക്കിയില്ലെങ്കില്‍ അത് ബി.ജെ.പിക്ക് പാരയാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ബി.ജെ.പി-ക്ക് എന്തെങ്കിലും ഗുണമുണ്ടാകണമെങ്കില്‍ സവര്‍ണ ഹിന്ദു പാര്‍ട്ടി എന്ന ലേബല്‍ മാറി ഈഴവ-ക്രിസ്ത്യന്‍- അതുപോലെ ഒരു വിഭാഗം മുസ്ലീം അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണ വേണം.

എന്നാല്‍ സുരേഷ് ഗോപി പഴയ ജന്മിത്ത കാലഘട്ടത്തിന്റെ തനി പകര്‍പ്പാണെന്നാണ് ചിലരുടെ വിമര്‍ശനം. ഇതുകൊണ്ടാകുമോ സുരേഷ് ഗോപിയുടെ മോഹം കേന്ദ്രം മുളയിലേ നുള്ളിക്കളഞ്ഞത്. മുമ്പ് സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുമെന്ന ചര്‍ച്ചകള്‍ സജീവമായപ്പോഴും അന്ന് ആ തീരുമാനത്തിന്റെ കടയ്ക്കല്‍ കത്തിവച്ച അതേ ഗൂഡസംഘം തന്നെയാണ് പുതിയ തീരുമാനത്തിന് പിന്നില്‍ എന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്..സുരേഷ് ഗോപി എന്ന നടനെ, മനുഷ്യനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ സുരേഷ്ഗോപി എന്ന ബി.ജെ.പി രാഷ്ട്രീയക്കാരനെ ഉള്‍ക്കൊള്ളാന്‍ കേരള രാഷ്ട്രീയത്തിന് അല്‍പം ബുദ്ധിമുട്ടാണ്. ഒരു പക്ഷേ ബി.ജെ.പി രാഷ്ട്രീയ ലേബലില്ലാതെ സുരേഷ്ഗോപി സ്വതന്ത്രനായി മല്‍സരിച്ചാല്‍ പോലും വിജയം സുനിശ്ചിതണാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനി തീരുമാനം എടുക്കേണ്ടത് സുരേഷ് ഗോപി തന്നെയാണ്. ഈ രാഷ്ടീയത്തില്‍ തുടരണോ അതോ ഇന്നും അവസരങ്ങള്‍ തേടിയെത്തുന്ന സിനിമയില്‍ സജീവമാകണോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം.. എന്തായാലും വൈകുന്നേരം വരെ വെള്ളം കോരി വൈകിട്ട് കുടം ഉടച്ചതുപോലെയായി ഈ വിഷയത്തിലെ ബി.ജെ.പി-യുടെ തീരുമാനം. എന്തായാലും സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിക്കുമെന്നാണ് സബി.ജെ.പി സംസ്താന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്.