ദുബായ്: യുഎഇ-യുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഇന്ന് സെപ്റ്റംബര്‍ 18-ന് മാതൃരാജ്യത്ത് മടങ്ങിയെത്തും. ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായാണ് അല്‍നെയാദി അബുദാബിയിലെത്തുന്നത്. പ്രാദേശിക സമയം വൈകുന്നേരം 5:30-ഓടെ അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന അല്‍നെയാദിയെ സ്വീകരിക്കാന്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യു.എ.ഇ ഭരണാധികാരികളും മുതിര്‍ന്ന ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേര്‍ന്ന് അല്‍ നെയാദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കും. നെയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള ഒരുക്കങ്ങളാണ് മൂഹമ്മദ് ബിന്‍ റാഷിദ് സ്പെയ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ഉന്നതതല കൂടിക്കാഴ്ചക്ക് പുറമെ സംവാദങ്ങള്‍, റോഡ് ഷോ തുടങ്ങി വിവിധ പരിപാടികളാണ് സ്വീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകിട്ട് 5 മണി മുതല്‍ തന്നെ സ്വീകരണ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ നെയാദി ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജന്‍ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷമാണ് 2023 സെപ്തംബര്‍ നാലിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ അദ്ദേഹം തിരിച്ചെത്തിയത്. ഈ ആറുമാസ ദൗത്യത്തിനിടയില്‍ 200-ഓളം പരീക്ഷണങ്ങളും അദ്ദേഹം പൂര്‍ത്തീകരിച്ചു. സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ എന്ന പേടകം 17 മണിക്കൂര്‍ നീണ്ട പറക്കലിന് ശേഷമാണ് ബഹിരാകാശത്ത് നിന്നും ഫ്ലോറിഡ തീരത്ത് പതിച്ചത്. നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്ദ്രേ ഫെഡ്യേവ് തുടങ്ങിയവരും അല്‍ നെയാദിക്കൊപ്പമുണ്ടായിരുന്നു. ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ദൗത്യത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും അന്‍ നെയാദി പറഞ്ഞു.
അതേസമയം ഷാര്‍ജ സര്‍ക്കാരിന്റെ പത്താമത് കമ്മ്യൂണിക്കേഷന്‍ അവാര്‍ഡില്‍ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ‘പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിന് അര്‍ഹനായി. ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ നടന്ന ദ്വിദിന ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍, നൂതന കണ്ടുപിടുത്തങ്ങള്‍ എന്നീ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം.