ലോക കേരളസഭ; മുഖ്യമന്ത്രി ഉള്‍പ്പെട്ട ഉന്നതതല സംഘം വീണ്ടും വിദേശത്തേക്ക്

Share

തിരുവനന്തപുരം: വന്‍ സാമ്പത്തിക ഞെരുക്കത്തിലും ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട സംഘം വീണ്ടും വിദേശ യാത്രക്ക് ഒരുങ്ങുന്നു. 2023 ഒക്ടോബര്‍ 19 മുതല്‍ 22 വരെ സൗദി അറേബ്യയില്‍ നടക്കുന്ന ലോകകേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിക്കായി കേന്ദ്ര സര്‍ക്കാരിനോട് അനുവാദം ചോദിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. ലണ്ടന്‍ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ച സമ്മേളനമാണ് സൗദിയില്‍ നടക്കുന്നത്. ലോക കേരളസഭ ഈ വര്‍ഷം നിശ്ചയിച്ച രണ്ട് മേഖലാ സമ്മേളനങ്ങളില്‍ അമേരിക്കന്‍ സമ്മേളനം കഴിഞ്ഞു. അതിന് പിന്നാലെയാണ് സൗദി മേഖലാ സമ്മേളനവും തുടര്‍ന്ന് കേരള സമ്മേളനവും വരുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ട് മാസം മുമ്പ് രണ്ടര കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സമ്മേളനം, യാത്രാച്ചെലവ്, പരസ്യപ്രചാരണം എന്നിവയ്ക്കാണ് ഈ തുക അനുവദിച്ചത്. മേഖല സമ്മേളനത്തിന്റെ പബ്‌ളിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷവും, മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെ കൊണ്ടുവരാനും പ്രചാരണങ്ങള്‍ക്കുമായി ഒന്നരക്കോടി, വെബ് സൈറ്റ്, ഓഫീസ് ചെലവ് എന്നിവക്കായി 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കേരളം വന്‍ സാമ്പത്തിക പിരിമുറുക്കത്തില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് വീണ്ടുമൊരു വിദേശ യാത്രക്ക് പണം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള വി.വി.ഐ.പികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും മറ്റും വന്‍ തുകയുടെ സ്പോണ്‍സര്‍ഷിപ്പ് നിശ്ചയിച്ചത് വിവാദമായിരുന്നു. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് വാങ്ങാന്‍ അധികമാരും തയാറാകാത്തതോടെ സമ്മേളനം നഷ്ടത്തിലായെന്ന് സംഘാടകര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.