അബുദബി: കേരള സോഷ്യല്‍ സെന്റര്‍ അബുദബിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം 2023 സെപ്തംബര്‍ 17 ഞായറാഴ്ച നടക്കും. ആഘോഷത്തിന്റെ ഭാഗമായി അന്നേ ദിവസം പൂക്കള മത്സരവും, ഓണക്കളികളും, കലാപരിപാടികളും അരങ്ങേറും. കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂക്കള മത്സരം സംഘടിപ്പിക്കുന്നത്. പൂക്കള മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. പേരുകള്‍ സെപ്റ്റംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴിയാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. google form link: https://forms.gle/eGs7rKCL2HyUN8e37
സെപ്തംബര്‍ 17 ഞായറാഴ്ച 3 മണിക്ക് ആരംഭിക്കുന്ന പൂക്കള മല്‍സരത്തില്‍ പങ്കെടുക്കാന്‍ പേര് നല്‍കിയിട്ടുള്ള ടീമുകള്‍ 2 മണിക്ക് മുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക വിഭാഗമായിട്ടായിരിക്കും മത്സരം നടത്തുക. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ഒരു വനിത ഉള്‍പ്പെടെ പരമാവധി 3 പേര്‍ ചേര്‍ന്നാണ് ഒരു ടീം രൂപീകരിക്കേണ്ടത്. പൂക്കള മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും മറ്റു വിശദാംശങ്ങളും ഗൂഗിള്‍ ഫോമില്‍ വിശദമായി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഓണക്കളികളും, കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും. പൂക്കള മത്സരത്തിലേക്കും തുടര്‍ന്നുള്ള ഓണാഘോഷ പരിപാടിയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കു വേണ്ടി കേരള സോഷ്യല്‍ സെന്റര്‍ അബുദാബി ജനറല്‍ സെക്രട്ടറി കെ. സത്യന്‍ അറിയിച്ചു.