അജയ്യനായി ചാണ്ടി ഉമ്മന്‍; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം

Share

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി യുഡിഎഫ്. ഏട്ടു പഞ്ചായത്തിലെയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 37,719 വോട്ടുകള്‍ക്ക് ജയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല. ആകെ പോള്‍ ചെയ്ത 1,31,026 വോട്ടുകളില്‍ 80144 വോട്ടുകള്‍ നേടിയാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി പിടിച്ചത്. 61 ശതമാനം വോട്ടുകളാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. 2021-ല്‍ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ 14,726 അധിക വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തിന്റെ ജെയ്ക് സി തോമസിന് 42,425 വോട്ടുകളാണ് ലഭിച്ചത്. 2021-ലെ തെരഞ്ഞെടുപ്പില്‍ ജയ്ക്ക് നേടിയതില്‍ നിന്ന് 11,903 വോട്ടുകളാണ് ഇത്തവണ എ.ഡി.എഫിന് നഷ്ടപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ആകെ നേടിയത് 6558 വോട്ടുകളാണ്. നാണം കെട്ട പ്രകടനമാണ് ഇത്തവണ പുതുപ്പള്ളിയില്‍ ബി.ജെ.പി കാഴ്ചവച്ചത്.

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെല്ലുവിളി ഉയർത്തിയ  ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ തറപറ്റിച്ചു.  2011-ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021-ല്‍ ജയ്ക്കിനെതിരെ ഉമ്മൻചാണ്ടിക്ക് ലഭിച്ചത് 9044 വോട്ടിന്‍റെ ഭൂരിപക്ഷമാണ്.  2021-ല്‍ നിന്ന് 2023-ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല എന്നതും ശ്രദ്ധേയമാണ്.

വോട്ടെണ്ണല്‍ ആദ്യം തുടങ്ങിയ അയര്‍ക്കുന്നം പഞ്ചാത്ത് മുതല്‍ അവസാനത്തെ വാകത്താനംവരെ ചാണ്ടി ഉമ്മന്‍ വ്യക്തമായി മുന്നില്‍ നിന്നു. അകലക്കുന്നവും, കൂരോപ്പടയും മണര്‍കാട് പഞ്ചായത്തും ചാണ്ടി ഉമ്മന് വലിയ പിന്തുണയാണ് നല്‍കിയത്. പുതുപ്പള്ളിയും വാകത്താനവും ചാണ്ടി ഉമ്മന് വലിയ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്. ആദ്യഘട്ടം മുതല്‍ ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് ഉയര്‍ത്തിയിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഒരു ഘട്ടത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡ് പിടിക്കാനായില്ല. ഒരു ബൂത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നില്‍ എത്താന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. 2021-ലെ തെരഞ്ഞെടുപ്പില്‍ ജെയ്കിന് പിന്തുണ നല്‍കിയ പഞ്ചായത്തുകളില്‍ പോലും ഇക്കുറി ചാണ്ടി ഉമ്മന് വലിയ തോതില്‍ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ജെയ്കിന്റെ വീട് സ്ഥിതി ചെയ്യുന്ന മണര്‍കാട് പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിന് ദയനീയമായ പരാജയമാണ് നേരിട്ടിരിക്കുന്നത്.