ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി ക്രിസ്റ്റില്‍ പോലീസ് പിടിയില്‍

Share

കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളിയുടെ എട്ട് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശാല ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റിലാണ് പോലീസ് കസ്റ്റഡിയിലായത്. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. പ്രതി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. 2017-ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് ഇയാല്‍ നാട്ടില്‍ നിന്ന് മുങ്ങിയത്. ഇയാള്‍ നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ മൃഗങ്ങളുമായി ലൈംഗിക വൈകൃതം കാട്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിക്കാലം മുതലെ ഇയാള്‍ മോഷണക്കേസുകളില്‍ പ്രതിയാണ്.

ആലുവയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം ഇയാള്‍ പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ കുട്ടിയുടെ കരച്ചില്‍ കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരാള്‍ കുട്ടിയുമായി പോകുന്നതാണ് കണ്ടത്. ഇയാള്‍ മര്‍ദിക്കുമെന്ന് കൈകൊണ്ട് കാണിച്ചതോടെ കുട്ടി കരച്ചില്‍ നിര്‍ത്തുകയായിരുന്നു. പാന്റും ഷര്‍ട്ടും ധരിച്ച താടിയുള്ള ആളായിരുന്നു കുട്ടിയെ കൊണ്ടുപോയതെന്ന് സംഭവം കണ്ട പ്രദേശവാസി പറഞ്ഞു. എന്തോ പന്തികേടുണ്ടെന്ന് തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍  ഒരു വടിയും ടോര്‍ച്ചും എടുത്ത് പുറത്തേക്കിറങ്ങുകയും തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പരിസരം മുഴുവന്‍ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാല്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അടഞ്ഞ് കിടന്ന ഒരു വീടിന് സമീപത്ത് നിന്നും നിലവിളിച്ചുകൊണ്ട് കുട്ടി ഇവര്‍ക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി പൂര്‍ണമായും വിവസ്ത്രയായ നിലയിലായിരുന്നു. കുട്ടി ഹിന്ദിയില്‍ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ തിരിച്ചു വീട്ടില്‍ എത്തിച്ചപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്ന അവസ്ഥയിലായിരുന്നു. നാട്ടുകാര്‍ ബഹളം വച്ചാണ് കുട്ടിയുടെ അമ്മയെ ഉണര്‍ത്തിയത്. പിന്നാലെ നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

അതേസമയം കുട്ടിക്ക്് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.