കോട്ടയം: മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എ-യുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് മുന്നണികളില്‍ ആശങ്ക നിലനില്‍ക്കുകയാണ്. 72.91 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. എട്ട് പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതില്‍ 1,28,624 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 64,538 സ്ത്രീകളും 64,084 പുരുഷന്മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അടക്കമുള്ളവരാണ് വിധിയെഴുതിയത്. എല്‍.ഡി.എഫിനായി ജെയ്ക് സി തോമസും യു.ഡി.എഫിനായി ചാണ്ടി ഉമ്മനും എന്‍.ഡി.എ-യ്ക്കായി ലിജിന്‍ ലാലുമാണ് പ്രധാനമായി മത്സര രംഗത്തുണ്ടായിരുന്നത്. സെപ്റ്റംബര്‍ 8 വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്ക് കൂട്ടലിലും വിലയിരുത്തലുകളിലുമാണ് മുന്നണികള്‍. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്നതാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോള്‍ ഫലം സര്‍ക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്നതാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിയുടെ വോട്ട് വാങ്ങിയെന്ന് സംശയിക്കുന്നതായും വോട്ടെണ്ണുമ്പോള്‍ അത് മനസിലാകുമെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തിലേക്ക് വഴിവച്ചു. ഭൂരിപക്ഷം സംബന്ധിച്ച തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പൊതിയക്കരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ജാണ്‍സന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണ്‍സന് ആറുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനായ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.