കോട്ടയം: മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എ-യുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളി മണ്ഡലം വോട്ടെടുപ്പിന് സജ്ജമായി. ഒരു മാസക്കാലത്തെ പരസ്യ പ്രചരണത്തിനുശേഷം നാളെയാണ് (2023 സെപ്റ്റംബര്‍ 5, ചൊവ്വാഴ്ച) രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലം വിധി നിര്‍ണയിക്കാന്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ബി.ജെ.പി-യും മണ്ഡലത്തില്‍ കളം നിറഞ്ഞു നില്‍ക്കുകയാണ്. ത്രികോണ മല്‍സരത്തിന്റെ വീറും വാശിയും പ്രകടമാകുന്ന രാഷ്ട്രീയ പോരാട്ടത്തില്‍ യു.ഡി.എഫി-നെ പ്രതിനിധീകരിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് മുന്‍ സ്ഥാനാര്‍ത്ഥി കൂടിയായ ജെയ്ക്ക് സി തോമസും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജി. ലിജിനുമാണ് രാഷ്ടീയ പോര്‍കളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ആം ആദ്മി പാര്‍ട്ടിയും പുതുപ്പള്ളിയില്‍ ജനവിധി തേടുന്നുണ്ട്. മണ്ഡലത്തില്‍ നിലവില്‍ നിശബ്ദ പ്രചാരണം പുരോഗമിക്കുകയാണ്. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് എല്ലാ സ്ഥാനാര്‍ത്ഥികളും. ആകെ 1,76,417 പേര്‍ക്കാണ് മണ്ഡലത്തില്‍ വോട്ടവകാശം ഉള്ളത്.
പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ വോട്ടര്‍മാര്‍ അല്ലാത്ത മറ്റ് ദേശങ്ങളിലുള്ള രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ നിന്നും വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇത് കൃത്യമായി പാലിക്കാന്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസ് മേധാവിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ ഉപതെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ മണ്ഡലത്തില്‍ എത്തിക്കഴിഞ്ഞു. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂം സ്ഥിതി ചെയ്യുന്ന കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നാണ് പുതുപ്പള്ളിയിലെ 182 ബൂത്തുകളിലേക്കുമുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത്. മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റുകളും വെബ്കാസ്റ്റിങ്ങും സജ്ജമാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പുതുപ്പള്ളി മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി നല്‍കിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് ഇന്നുമുതല്‍ വോട്ടെണ്ണല്‍ ദിവസമായ എട്ട് വരെ അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിതായും സര്‍ക്കാര്‍ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടി വന്നാല്‍ ആ ദിവസവും ഡ്രൈ ഡേ ആയിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭാ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. സെപ്റ്റംബര്‍ 8 വെള്ളിയാഴ്ചയാണ് ഈ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍.