ദുബായ്: ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിവിധ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നാട്ടിലേക്കുള്ള യാത്രക്ക് 60,000 രൂപ വരെ ഈടാക്കിയിരുന്ന സ്ഥാനത്ത് നിലവില്‍ 6,000 രൂപയ്ക്കും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കി. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കഴിഞ്ഞതോടെ നാട്ടിലേക്ക് പോകാനുള്ളവരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ് അനുഭവപ്പെടുന്നതാണ് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റും കൂടുതല്‍ ലഗേജ് ഓഫറും മല്‍സരിച്ച് നല്‍കാനൊരുങ്ങുകയാണ് വിമാന കമ്പനികള്‍. ഇതില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത് ജസീറ എയര്‍വേയ്സ് ആണ്. സൗദിയില്‍ നിന്ന് 349 റിയാലിന് കേരളത്തിലെത്താമെന്നാണ് ജസീറ എയര്‍വേയ്സ് നൽകുന്ന വാഗ്ദാനം. 2023 സെപ്റ്റംബര്‍ 06-നുള്ളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് 2023 ഡിസംബര്‍ 15-നുള്ളില്‍ യാത്ര ചെയ്തിരിക്കണം എന്നതാണ് നിബന്ധന.
സൗദിയിലെ ദമാമില്‍ നിന്ന് കൊച്ചിയിലേക്കും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും 299 റിയാല്‍ നിരക്കില്‍ യാത്ര ചെയ്യാം. കൂടാതെ, മുംബൈ, ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും ഓഫര്‍ നിരക്ക് ലഭ്യമാണെന്ന് ജസീറ അറിയിച്ചു. മാത്രമല്ല ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലിനും കൊച്ചിയിലേക്ക് 349 റിയാലിനും ബംഗളൂരുവിലേക്ക് 299 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാണ്. റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് 349 റിയാല്‍, ചെന്നൈയിലേക്ക് 299 റിയാല്‍, മുംബൈ 169 റിയാല്‍, ഡല്‍ഹി 169 റിയാല്‍, ബംഗളൂരു 299 റിയാല്‍ എന്നിങ്ങനെയാണ് നിലവിൽ ലഭിക്കുന്ന ഓഫര്‍ നിരക്ക്. ഇന്ത്യന്‍ നഗരങ്ങള്‍ കൂടാതെ നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തുര്‍ക്കി, ഈജിപ്ത്, യു എ ഇ, ഇറാന്‍, ഇറാഖ്, കിര്‍ഗിസ്ഥാന്‍, ഉസ്ബെകിസ്താന്‍ എന്നിവിടങ്ങളിലേക്കും നിലവില്‍ ഈ ഓഫര്‍ നിരക്ക് ലഭ്യമാണ്.
സീസണ്‍ കഴിഞ്ഞതിനാല്‍ കേരളത്തിലേക്ക് നിരക്ക് കുറഞ്ഞെങ്കിലും തിരിച്ച് ഗള്‍ഫിലേക്കുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്ക് ലഭിക്കില്ല എന്നതും ശ്രദ്ധേയമാണ്. സൗദിക്ക് പുറമേ യുഎഇ-യില്‍ നിന്നും നാട്ടിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ കിട്ടാനുണ്ടെങ്കിലും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കൂടിാകുമ്പോള്‍ വലിയ തുക നല്‍കേണ്ടിവരും. ഷാര്‍ജ-കണ്ണൂര്‍ സെക്ടറില്‍ 285 ദിര്‍ഹമിന് ടിക്കറ്റുകള്‍ കിട്ടാനുണ്ട്. അവധിക്കും ഓണവുമായി ബന്ധപ്പെട്ടും നാട്ടിലേക്ക് പോയവര്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.