ദുബായ്: യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗന്‍സില്‍ തെരഞ്ഞെടുപ്പിലെക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ 7 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള 309 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടിരിക്കുന്നത്. ആകെയുള്ള സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം അതായത് 309 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 128 പേര്‍ വനിതകളാണ്. ഇതില്‍ 11 ശതമാനം അതായത് 36 സ്ഥാനാര്‍ത്ഥികള്‍ 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്. അതേസമയം 2019-ലെ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 479 സ്ഥാനാര്‍ത്ഥികളില്‍ 182 പേര്‍ സ്ത്രീകളായിരുന്നു.
അബുദബിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയിട്ടുള്ളത്. നിലവില്‍ 118 പേരാണ് അബുദബിയിലെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. ദുബായില്‍ 57, ഷാര്‍ജ- 50, അജ്മാന്‍-21, റാസല്‍ഖൈമ-34, ഉമ്മുല്‍ ഖുവൈന്‍-14, ഫുജൈറ-15 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം. ഇതില്‍ അബുദാബിയില്‍ 54, ദുബായില്‍ 27, ഷാര്‍ജയില്‍ 19, അജ്മാനില്‍ 12, റാസല്‍ഖൈമയിലും ഉമ്മുല്‍ഖുവൈനിലും അഞ്ച് വീതം, ഫുജൈറയില്‍ ആറ് എന്നിങ്ങനെയാണ് വനിതകളുടെ എണ്ണം. കൗണ്‍സിലിലേക്ക് ഏഴ് എമിറേറ്റുകളില്‍ നിന്നും അംഗങ്ങള്‍ക്ക് തുല്യമായ പ്രധാന്യം ഉണ്ടാകും. 2023 സെപ്തംബര്‍ 11-നാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 26 ആണ്.