നമുക്ക് വരവേല്‍ക്കാം; ലോകത്തെ ആദ്യ എഥനോള്‍ കാര്‍ ഇന്ത്യയില്‍

Share

ഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോകോത്തര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട നിര്‍മ്മിച്ച കാര്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പുറത്തിറക്കിയത്. നഗരയാത്രകളില്‍ 28 കിലോമീറ്ററും ദേശീയപാതകളില്‍ 35 കിലോമീറ്ററും മൈലൈജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല ഭാരത് സ്റ്റേജ് 6 മാനദണ്ഡത്തിലുള്ള കാര്‍ വൈദ്യുതിയിലും പ്രവര്‍ത്തിക്കും എന്നതാണ് പ്രത്യേകത. നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ എന്ന നിലയില്‍ രാജ്യത്തെ എല്ലാ വാഹനങ്ങളും എഥനോളിലേക്ക് മാറുന്നതിനാണ് കാത്തിരിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. കരിമ്പ്, ചോളം, ബാര്‍ളി തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്നാണ് പ്രധാനമായും എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. എഥനോള്‍ ഉപയോഗം വ്യാപകമായാല്‍ രാജ്യത്തെ കര്‍ഷകര്‍ക്കും അത് വന്‍ നേട്ടമായിമാറും. വാഹനം വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും ഉപയോക്താക്കളുടെ കൈകളിലേക്ക് എപ്പോള്‍ എത്തിച്ചേരുമെന്നോ ബുക്കിംഗ് എപ്പോള്‍ ആരംഭിക്കുമെന്നോ അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല.

ബദല്‍ ഇന്ധനത്തിലേക്ക് നീങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉയര്‍ന്ന വില താങ്ങാനാവാത്തവര്‍ക്ക് എഥനോള്‍ വാഹനങ്ങള്‍ അനുഗ്രഹമാവും. മാത്രമല്ല ഫ്‌ലെക്‌സ്-ഇന്ധന കാറുകള്‍ നിര്‍മിക്കുന്നത് താരതമ്യേന ചെലവ് കുറഞ്ഞതാണ്. കാരണം നിലവിലുള്ള പെട്രോള്‍ എഞ്ചിനിലെ ചെറിയ പരിഷ്‌കാരങ്ങള്‍ ഉയര്‍ന്ന ജൈവ ഇന്ധന മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ മോട്ടോറിനെ പ്രാപ്തമാക്കുന്നത് മാത്രമാണ് വരുന്ന മാറ്റം. ഒരു ബ്രാന്‍ഡ് സാധാരണയായി വാഹനത്തിന്റെ ഫ്യുവല്‍ ടാങ്കിലേക്ക് അധിക സെന്‍സറുകള്‍ ചേര്‍ക്കുന്നതാണ് പ്രധാന മാറ്റം. ഈ സെന്‍സറുകള്‍ക്ക് മിശ്രിതത്തിലെ എഥനോളിന്റെ ശതമാനം കണ്ടെത്താനും അനുയോജ്യമായ സ്പാര്‍ക്കിനായി ഇന്‍ജക്ടറുകളിലേക്ക് കൃത്യമായ ഇന്ധനം എത്തിക്കാനും കഴിയും.

നിലവില്‍ ഇന്ത്യന്‍ വിപണികളില്‍ പെട്രോളിനൊപ്പം 10-20 ശതമാനം എഥനോള്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ 100 ശതമാനം എഥനോളിലേയ്ക്ക് നീങ്ങണമെങ്കില്‍ നിലവില്‍ നിരത്തിലുള്ള വാഹനങ്ങളില്‍ മോഡിഫിക്കേഷനുകള്‍ ആവശ്യമായി വരും. ഡീസല്‍ കാറുകളും മറ്റും ഹൈബ്രിഡുകളും, ഇലക്ട്രിക്കും ആക്കി മാറ്റുന്നതിനു വാഹനക്കമ്പനികള്‍ നേരത്തേ ഡല്‍ഹിയിലും മറ്റും കിറ്റുകള്‍ പ്രദാനം ചെയ്തിരുന്നു. എഥനോളിലേയ്ക്കു നീങ്ങുമ്പോള്‍ ഇത്തരം കിറ്റുകളെ ഉപയോക്താക്കള്‍ ആശ്രയിക്കേണ്ടി വന്നേക്കാം. എന്തായാലും കാറുകള്‍ക്കൊപ്പം അധികം വൈകാതെ തന്നെ 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകള്‍ ബജാജ്, ടിവിഎസ്, ഹീറോ കമ്പനികള്‍ ഇന്ത്യന്‍ വിപണി കീഴടക്കുമെന്നാണ് റിപ്പോര്‍ട്ട്.