കോട്ടയം: നെല്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല്, സര്‍ക്കാര്‍ സംഭരച്ചതിലൂടെ അവര്‍ക്ക് കിട്ടേണ്ട വില ഓണക്കാലത്തുപോലും നല്‍കിയില്ലെന്ന നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തിന് തെളിവു സഹിതം മറുപടിയുമായി കൃഷിമന്ത്രി പി. പ്രസാദ്. നെല്ല് സംഭരിച്ചതിന്റെ വില ഓണത്തിന് മുമ്പ് തന്നെ കൊടുത്ത് തീര്‍ത്തുവെന്ന അവകാശവാദവുമായാണ് കൃഷിമന്ത്രി പി.പ്രസാദ് രംഗത്തുവന്നിരിക്കുന്നത്. ജയസൂര്യ ബോധപൂര്‍വം അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സംഭരണ വില നല്‍കാന്‍ അല്‍പകാലം വൈകിയത് പിന്നില്‍ ബാങ്കുകളുടെ പിടിപ്പുകേടാണ് കാരണമെന്നും പി. പ്രസാദ് വിശദീകരിച്ചു.
സിനിമ-സീരിയല്‍ രംഗത്തെ ശ്രദ്ധേയനും കര്‍ഷകനുമായ കൃഷ്ണ പ്രസാദിന് സപ്ലൈകോയില്‍ നിന്ന് നെല്ലിന്റെ വില കുറേ മാസമായി കിട്ടാറില്ലെന്നായിരുന്നു പൊതുവേദിയില്‍ ജയസൂര്യ ഉയര്‍ത്തിയ പരാതി. എന്നാല്‍ കൃഷ്ണ പ്രസാദിന് നെല്ല് സംഭരണ തുക ലഭിച്ചിട്ടുണ്ടെന്നും ചങ്ങനാശ്ശേരിയിലെ എസ്.ബി.ഐ അക്കൗണ്ടില്‍ ഏപ്രില്‍ മാസത്തോടെ പണം എത്തിയതായും മന്ത്രി വിശദീകരിച്ചു. മൂന്ന് തവണകളായാണ് കൃഷ്ണ പ്രസാദിന്റെ അക്കൗണ്ടില്‍ മുഴുവന്‍ പണവും എത്തിയതെന്നും 5568 കിലോ ഉമ അരി സംഭരിച്ചതിന് സപ്ലൈകോ കൃഷ്ണ പ്രസാദിന് നല്‍കിയത് 1,57,686 രൂപയാണെന്നും തെളിവു സഹിതം മന്ത്രി വ്യക്തത വരുത്തി. എന്നാല്‍ കഴിഞ്ഞ 5 മാസമായി പണം ലഭിച്ചിട്ടില്ല എന്നായിരുന്നു ജയസൂര്യ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ പൊതുവേദിയിൽ പറഞ്ഞത്.
മന്ത്രിമാരായ പി. പ്രസാദ്, മന്ത്രി പി. രാജീവ്, ഇടതുപക്ഷത്തെ പ്രാദേശിക നേതാക്കള്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. കര്‍ഷകര്‍ അവഗണന നേരിടുന്നുവെന്നും സർക്കാർ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നുമാണ് നടന്‍ വേദിയില്‍ പറഞ്ഞത്. സപ്ലൈകോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണെന്നും പുതു തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാർ എന്താണ് നൽകു ന്നതെന്നും ജയസൂര്യ ചോദിച്ചു. അരിയുടെയും പച്ചക്കറികളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടിരുന്നു.