ഡല്‍ഹി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് തിരിച്ചടി. കേസില്‍ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളുകയും ചെയ്തു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് നേരത്തെ കേരള ഹൈക്കോടതിയും നിരീക്്ഷിച്ചിരുന്നു. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നായിരുന്നു മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജിയിലെ പ്രധാന വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്നും അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ശ്രീറാം വാദിച്ചു. സാധാരണയായി സംഭവിക്കാറുള്ള റോഡ് അപകടം മാത്രമാണെന്നും ഇത് മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാമിന്റെ വാദം.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയം റോഡില്‍ പൊതുമരാമത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം സംഭവിച്ചത്. ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ചാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. നേരത്തെ വിചാരണകോടതി കേസില്‍ നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫക്കുമെതിരായി 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കേടതിയുടെ വിധി. വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.