റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭേദഗതി ചെയ്ത പുതിയ നിയമങ്ങള്‍ സൗദിയില്‍ നിലവില്‍ വന്നു. യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം, ഉയര്‍ന്ന നഷ്ടപരിഹാരം, വ്യോമഗതാഗത സേവനങ്ങള്‍ നവീകരിക്കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമാവലി നവംബര്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. യാത്രയ്ക്ക് താമസം നേരിടുന്ന സന്ദര്‍ഭങ്ങളിലും, നിശ്ചയ സമയത്തിനും നേരത്തേ സര്‍വീസ് നടത്തുക, സര്‍വീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുക, സാങ്കേതിക കാരണങ്ങളാല്‍ സീറ്റ് നിഷേധിക്കുക, സീറ്റ് ക്ലാസുകള്‍ തരംതാഴ്ത്തുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമം. 30 വിവിധ വകുപ്പുകളാണ് നിയമാവലിയില്‍ അടങ്ങിയിട്ടുള്ളത്്. യാത്രക്കാരുടെയും വിമാന കമ്പനികളുടെയും ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ചും നിയമാവലിയില്‍ വ്യക്തമാക്കുന്നുണ്ട്.
ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് 6,568 റിയാലിന് തുല്യമായ തുക നഷ്ടപരിഹാരം ലഭിക്കുന്നതാണ് പുതിയ നിയമം. ബാഗേജുകള്‍ കേടാവുകയോ ബാഗേജ് കിട്ടാന്‍ കാലതാമസം നേരിടുകയോ ചെയ്താലും പുതിയ നിയമപ്രകാരം 6568 റിയാല്‍ നഷ്ടപരിഹാരം ലഭിക്കും. വിമാന സര്‍വീസിന് ആറു മണിക്കൂറിലേറെ കാലതാമസമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് 750 റിയാല്‍ നഷ്ടപരിഹാരം, ഭക്ഷണ പാനീയങ്ങള്‍, ഹോട്ടല്‍ താമസം, ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യം എന്നിവ വിമാന കമ്പനികള്‍ നല്‍കണമെന്നും പുതിയ നിയമാവലിയില്‍ പറയുന്നുണ്ട്.
സര്‍വീസ് റദ്ദാക്കുന്ന വിവരം യാത്രക്കാരെ മുന്‍കൂട്ടി വിവരമറിയിക്കുന്ന കാലയളവിനുസരിച്ച്, ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമമനുസരിച്ച് ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നത്. ഓവര്‍ ബുക്കിംഗ് പോലുള്ള കാരണങ്ങളാല്‍ സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരമാണ് ലഭിക്കുകയെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.