കൊച്ചി: ഹൈക്കോടതി ഇടപെട്ടിട്ടും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. മാത്രമല്ല കെ.എസ്.ആര്‍.ടി.സി-യിലെ ശമ്പള വിതരണ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ആരാഞ്ഞു. ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ കഴിയണമെങ്കില്‍ ഓഗസ്റ്റ് മാസത്തിലെ ശമ്പളം കൊടുക്കണം, കഴിഞ്ഞ വര്‍ഷവും ഓണത്തിന് ശമ്പളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നതായും ഹൈക്കോടതി വിമര്‍ശിച്ചു. എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും തുടര്‍ന്ന് ശമ്പളം പണമായും കൂപ്പണായും നല്‍കാമെന്ന് തീരുമാനമെടുത്തു. ശമ്പളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാന്‍ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു. പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാര്‍ യോഗം നടത്തിയതെന്നും എന്തുകൊണ്ട് സര്‍ക്കാരിന് പണം നല്‍കാന്‍ കഴിയുന്നില്ലെന്നും കോടതി ഉന്നയിച്ചു. ശമ്പളം പണം ആയി തന്നെ കൊടുക്കണമെന്നും കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് ഈ മാസം 24-ലേക്ക് മാറ്റി.