ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വാദം മാറ്റിവയ്ക്കില്ലെന്ന് ഹൈക്കോടതി

Share

 

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിന്റെ ഭാഗമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം തേടി രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നില്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അതേസമയം വിധി പറയുന്നത് നീട്ടണമെന്ന ദിലീപിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും കേസുകാരണം തന്റെ ജീവിതമാണ് നഷ്ടമായതെന്നും ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.

മെമ്മറി കാര്‍ഡ് ചോര്‍ന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വം പരിശോധിച്ചിട്ടുണ്ടെന്നും അതില്‍ നടപടിയുണ്ടാകണമെന്നും അതിജീവിത വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറികാര്‍ഡിനുള്ളിലെ ദൃശ്യങ്ങളടങ്ങിയ എട്ട് ഫയലുകള്‍ ചോര്‍ന്നു എന്നതിന് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥിരീകരണമുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണ്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് മോഷണകുറ്റം നിലനില്‍ക്കുന്ന സംഭവുമാണ്. മൂന്ന് തവണയാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടത് എന്നുപോലും സംശയിക്കുന്നതായും അതിജീവിത വാദമുന്നയിച്ചു.