തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തവും തടവ് രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക രാജേഷിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആയുധം ഉപയോഗിച്ചതിന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും വിധിച്ചു. കഠിന തടവിന് ശേഷം ജീവപര്യന്തവും അനുഭവിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൃത്യത്തില്‍ നേരിട്ട് ബന്ധമുള്ള മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി കണ്ടെത്തിയത്. അതേസമയം തെളിവില്ലെന്ന കാരണത്താല്‍ കേസിലെ ഒമ്പത് പ്രതികളെ കോടതി വെറുതെ വിട്ടു.
2018 മാര്‍ച്ച് 27-നാണ് റേഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെട്ടത്. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിംഗ് സ്റ്റുഡിയോക്കുള്ളില്‍ വച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. കേസിലെ ഒന്നാം പ്രതി ഖത്തറിലെ വ്യവസായി ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താർ നൽകിയ കൊട്ടേഷൻ പ്രകാരമായിരുന്നു ക്രൂര കൊലപാതകം നടന്നത്. ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജീവനക്കാരനായ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്. സാലിഹിന്റെ സുഹൃത്തും ‘സാത്താൻ ചങ്ക്‌സ്’ എന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനുമായ കായകുളം സ്വദേശി അപ്പുണ്ണിയും സംഘവുമാണ് മറ്റു പ്രതികൾ. അതേസമയം കേസിലെ ഒന്നാം പ്രതിയായ അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രാജേഷിനെ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് കുറ്റപ്പത്രം. ഒപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും വെട്ടേറ്റിരുന്നു. സത്താറിന്റെ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി മുമ്പ് വിദേശത്ത് ജോലി നോക്കിയിരുന്ന രാജേഷിന് സൗഹൃദം ഉണ്ടായിരുന്നതിനെ തുടര്‍ന്നുള്ള സംശയമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നൊസ്റ്റാൾജിയ എന്ന നാടൻ പട്ടു സംഘത്തിലെ ഗായകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട രാജേഷ്. 10 വർഷത്തോളം സ്വകാര്യ റേഡിയോ ചാനലിൽ റേഡിയോ ജോക്കിയായിരുന്നു. 2016 ജൂൺ മുതൽ ഖത്തറിൽ ജോലിക്ക് പോയി 2017 മേയിൽ മടങ്ങിയെത്തിയ ശേഷമാണ് സ്വന്തമായി റിക്കാർഡിങ് സ്റ്റുഡിയോ തുടങ്ങിയത്.