അബുദാബി: ആഗോള ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് എമിറേറ്റിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന നികുതി ഗണ്യമായി കുറച്ചു. വിനോദസഞ്ചാരികളെയും താമസക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള നികുതി നിരക്കുകളില്‍ അധികൃതര്‍ വലിയ ഇളവുവരുത്തിയിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 1 മുതല്‍ പുതുക്കിയ നികുതി ഘടന നിലവില്‍ വരും. ഒരു രാത്രിക്ക് ഒരു മുറിക്ക് ഈടാക്കിയിരുന്ന 15 ദിര്‍ഹം എന്ന മുനിസിപ്പാലിറ്റി ഫീസ് പൂര്‍ണമായും എടുത്തുകളഞ്ഞതായി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി. കൂടാതെ ആറ് ശതമാനം ടൂറിസം ഫീസും ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ക്ക് ബാധകമാക്കിയിരുന്ന നാല് ശതമാനം മുനിസിപ്പാലിറ്റി നികുതിയും പുതിയ തീരുമാനപ്രകാരം പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ അതിഥികള്‍ക്ക് നല്‍കുന്ന ടൂറിസം ഫീസിനത്തിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട. നിലവിലെ ആറ് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറയുമ്പോള്‍ ഉപഭോക്താവിന് നല്‍കുന്ന ഇന്‍വോയ്സിന്റെ മൂല്യത്തിന്റെ നാല് ശതമാനം മുനിസിപ്പാലിറ്റി നികുതി അതേപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അബുദബിയിലെ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള വാടകയില്‍ വലിയ കുറവുണ്ടാകുമെന്ന് അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് വ്യക്തമാക്കി. ഈ തീരുമാനത്തിലൂടെ എമിറേറ്റിലേക്ക് കൂടുല്‍ വിനോദസഞ്ചാരികളെയും താമസക്കാരെയും ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.