വിളയില്‍ ഫസീല അന്തരിച്ചു; വിടവാങ്ങിയത് മാപ്പിളപ്പാട്ടിന്റെ പ്രണയിനി

Share

കോഴിക്കോട്: മാപ്പിളപ്പാട്ടിലൂടെ ജനലക്ഷങ്ങളുടെ മനസ് കീഴടക്കിയ അനുഗ്രഹീത ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്.  മാപ്പിളപ്പാട്ടിന്റെ മുന്‍നിര പ്രചാരകരില്‍ ഒരാളായിരുന്നു നമ്മെ വിട്ടുപോയ വിളയില്‍ ഫസീല എന്ന അനുഗൃഹീത ഗായിക. പ്രായഭേദമന്യേ ആസ്വദിക്കാന്‍, ഭക്തിയും പ്രണയവും വിരഹവും തുളുമ്പുന്ന എത്രയെത്ര പാട്ടുകള്‍ നമുക്ക് സമ്മാനിച്ചാണ് ഫസീല ഈ 63-ാം വയസില്‍ പാട്ടിനോട് വിട ചൊല്ലുന്നത്. കിരികിരി ചെരിപ്പുമായി, ആമിന ബീവിക്കോമന മകനായ്, ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്‌മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന്ന, മക്കത്ത് പോണോരെ എന്നിങ്ങനെ ഫസീലയുടെ മാന്ത്രിക സ്വരത്തില്‍ മാപ്പിളപ്പാട്ടിനെ വാനോളം ഉയര്‍ത്തിയ എത്രോ ഗാനങ്ങള്‍.

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ഫസീലയുടെ ജനനം. വത്സലയെന്നായിരുന്നു വീട്ടുകാര്‍ ഔദ്യോഗികമായി ഇട്ടപേര്. പാട്ടിന്റെ ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്പില്‍ വിളയില്‍ വല്‍സല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി ഫസീല എന്ന പേര് സ്വീകരിക്കുകയും വിളയില്‍ ഫസീല എന്ന വിളിപ്പേരില്‍ മാപ്പിളപ്പാട്ടിന്റെ ഉപാസകയായി മാറുകയും ചെയ്തു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വിഎം കുട്ടിയാണ് സംഗീതരംഗത്തേക്ക് സീലയെ കൊണ്ടുവരുന്നത്. പ്രമുഖ സംഗീത സംവിധായകന്‍ എം.എസ് വിശ്വനാഥന്റെ സംഗീത സംവിധാനത്തിലാണ് ഫസീല ആദ്യമായി സിനിമയില്‍ പാടുന്നത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി.ടി അബ്ദുറഹ്‌മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമായിരുന്നു അത്. കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജനപ്രിയ ഗാനങ്ങളിലൂടെ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ സംഗീത പ്രതിഭയുടെ വേര്‍പാട് കേരളത്തിന്റ കലാ സാംസ്‌കാരിക രംഗത്തിന് തീരാ വേദനയും നഷ്ടവുമാണ്.