അബുദാബി: യുഎഇ-യില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ കോണ്‍സുലാര്‍-പാസ്പോര്‍ട്ട്-വിസ സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എന്നിവ സമയബന്ധിതമായി ഉറപ്പാക്കുന്നതിന് കൂടുതല്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി യുഎഇ-യിലെ എല്ലാ എമിറേറ്റുകളിലും വ്യക്തിഗത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഔട്ട്സോഴ്സിങ് ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയാണ് പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള സേവന ദാതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് 2024 വര്‍ഷാരംഭം മുതല്‍ അരികിലുള്ള പുതിയ സേവന കേന്ദ്രങ്ങളില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. സേവനങ്ങള്‍ കാര്യക്ഷമമാക്കുക, സമയബന്ധിതമായി സേവനം ലഭിക്കുക, അടുത്തുള്ള മേഖലയില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് പുതിയ കോണ്‍സുലാര്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ രണ്ട് കമ്പനികളാണ് യു.എ.ഇ-യിൽ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഔട്ട്സോഴ്സ് സേവനങ്ങള്‍ നല്‍കുന്നത്. പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ വഴിയും ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഐ.വി.എസ് ഗ്ലോബല്‍ വഴിയുമാണ് നല്‍കുന്നത്. മറ്റുള്ള സേവനങ്ങള്‍ എംബസിയും കോണ്‍സുലേറ്റുകളും നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഐ.സി.എ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററിനു കീഴില്‍ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും പുതിയ സേവന ദാതാവ് ലഭ്യമാക്കണം. മാത്രമല്ല പ്രധാന സ്ഥലങ്ങളിലെല്ലാം ഐ.സി.എ.സി സേവന കേന്ദ്രങ്ങള്‍ തുറക്കുന്നതിനൊപ്പം അപേക്ഷകരുടെ വീടുകളിലെത്തിയും കോണ്‍സുലാര്‍-പാസ്പോര്‍ട്ട്-വിസ സേവനങ്ങള്‍ നല്‍കാന്‍ പുതിയ ഏജന്‍സിക്ക് അനുമതിയുണ്ടായിരിക്കും. ഇങ്ങനെ ഡോര്‍ ടു ഡോര്‍ സേവനങ്ങള്‍ നല്‍കുന്നതിന് പരമാവധി 380 ദിര്‍ഹം വരെ വാങ്ങാമെന്നും നിബന്ധനയില്‍ പറയുന്നു.
യു.എ.ഇ-യിലെ ഇന്ത്യന്‍ മിഷനുകളുമായി ചേര്‍ന്നാണ് ഐ.സി.എ.സി ഓഫിസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. സേവനം ആവശ്യമുള്ളവര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളിലും അതുപോലെ വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വേണമെന്നതും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ആഴ്ചയില്‍ ആറ് ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയില്‍ അബുദാബിയിലെ അല്‍ ഖാലിദിയ, അല്‍ റീം, മുസഫ്ഫ, അല്‍ ഐന്‍, ഗെയ്ത്ത് എന്നിവിടങ്ങളിലും ദുബായില്‍ കരാമ/ഊദ് മേത്ത, മറീന, അല്‍ ഖൂസ്/അല്‍ ബര്‍ഷ, ദേര, അല്‍ ഖുസൈസ് എന്നിവിടങ്ങളിലും ഷാര്‍ജയില്‍ അബു ഷഗറ, റോള, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലുമാണ് പുതിയ ഓഫിസുകള്‍ തുറക്കേണ്ടത്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളുമാണ് ആരംഭിക്കേണ്ടത്. ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് വഴി ലഭിക്കുന്ന അപേക്ഷകള്‍ 20 മിനിറ്റിനുള്ളില്‍ പ്രോസസ്സ് ചെയ്യുകയും വേണം. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, തമിഴ്, മലയാളം എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ വെബ്സൈറ്റ് നിര്‍ബന്ധമാണ്. അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കാനും ടെലിഫോണ്‍, ഇ-മെയില്‍, സന്ദേശം എന്നിവ വഴിയുള്ള പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനും കസ്റ്റമര്‍ കെയര്‍ സേവനവും നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാന്‍ യു.എ.ഇ ഇന്ത്യന്‍ എമ്പസിയുമായി ബന്ധപ്പെടാവുന്നതാണ്.