കൊച്ചി: ഓഗസ്റ്റ് മാസത്തില്‍ റൊമാനിയയില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കോഴിക്കോട് സ്വദേശിനി വി.കെ അഞ്ജന കൃഷ്ണന് അവസരമൊരുങ്ങുന്നു. ഭാരിച്ച സാമ്പത്തിക ബാദ്ധ്യത കാരണം മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് സഹായ ഹസ്തവുമായി എത്തിയത്. 17 വയസിനുള്ളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച അഞ്ജന കൃഷ്ണന്‍ അഞ്ച് തവണ ദേശീയ ചാമ്പ്യന്‍, രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്‍, സ്‌ട്രോങ് വുമണ്‍ ഓഫ് കേരള, ഇന്ത്യ, ഏഷ്യ പട്ടങ്ങള്‍ അങ്ങനെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇതിനിടയിലാണ് റൊമാനിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അഞ്ജന യോഗ്യത നേടിയത്. എന്നാല്‍ അവിടേക്ക് പോകുന്നതിനുള്ള സാമ്പത്തികച്ചെലവ് വലിയൊരു ബാധ്യത ആയതോടെ പ്രതീക്ഷകള്‍ മങ്ങുമോ എന്ന ആശങ്കയിലായിരുന്നു അഞ്ജനയും കുടുംബവും. ഈ ഘട്ടത്തിലാണ് ഈക്കാര്യം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദിന്റെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് അഞ്ജന കൃഷ്ണന് സഹായം നല്‍കാന്‍ അദീബ് അഹമ്മദ് തീരുമാനിക്കുകയായിരുന്നു.
കൊച്ചിയിലെ ലുലു ഫോറെക്‌സിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ അദീബ് അഹമ്മദിന്റെ നിര്‍ദ്ദേശ പ്രകാരം ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ് മൂന്നര ലക്ഷം രൂപയുടെ ചെക്ക് അഞ്ജന കൃഷ്ണനും പിതാവും കോച്ചുമായ അനിലിനും കൈമാറി. ഇത്തരത്തില്‍ മികവ് പുലര്‍ത്തുന്ന കായിക താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കേണ്ടത് ആവശ്യമാണെന്നും അതുകൊണ്ടാണ് ഇവര്‍ക്ക് സഹായം നല്‍കാന്‍ ലുലു ഫോറെക്‌സ് മുന്നോട്ട് വന്നതെന്നും അദീബ് അഹമ്മദ് പറഞ്ഞു. ഇതൊരു അവസരമായി കണ്ട് അഞ്ജനക്ക് കൂടുതല്‍ നേട്ടം കൊയ്യാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. നിരവധി തവണ കടം വാങ്ങിയാണ് അഞ്ജന വിദേശത്തുള്ള മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. അത്തരം അവസരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതായി അഞ്ജനയുടെ പിതാവ് പറഞ്ഞു. ഈ ബാധ്യതള്‍ക്കിടയിലാണ് ലോക ചാമ്പ്യന്‍ഷിപ്പിന് അഞ്ജനയ്ക്ക് യോഗ്യത ലഭിച്ചത്. ബുദ്ധിമുട്ട് നേരിടുന്ന ഘട്ടത്തില്‍ സഹായവുമായി എത്തിയ ലുലു ഫിനാള്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദിനോടും ലുലു ഫോറെക്‌സിനോടും അഞ്ജനയും പിതാവ് അനിലും നന്ദി അറിയിച്ചു.