പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി യു.എ.ഇ

Share

ദുബായ്:  ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സജീവമായ ഇക്കാലത്ത് അത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് താമസക്കാരോട് യുഎഇ സൈബര്‍ സുരക്ഷാ അധികൃതര്‍ ആവശ്യപ്പെട്ടു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാര്‍ഹിക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന ഹാക്കര്‍ സംഘത്തെ കുറിച്ചാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫോണിലൂടെ ബന്ധപ്പെട്ട് ഗാര്‍ഹിക സേവനം ഉറപ്പാക്കി പണം തട്ടുകയും സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നതുമാണ് ഇവരുടെ തട്ടിപ്പ് രീതി. വ്യാജ വെബ്സൈറ്റുകളിലോ സോഷ്യല്‍ മീഡിയകളിലോ വ്യാജ ഓഫറുകള്‍ക്കു വേണ്ടി അനധികൃത ലിങ്കില്‍ ക്ലിക്ക് ചെയ്തും വഞ്ചിതരാകാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി. SMS വഴി വരുന്ന വ്യാജ ഓഫറുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ സംശയാസ്പദമായ നമ്പറുകളില്‍ നിന്നും വരുന്ന കോളുകളോടോ മെസേജുകളോടോ പ്രതികരിക്കരുതെന്ന് സൈബര്‍ സുരക്ഷാ വിഭാഗം അഭ്യര്‍ത്ഥിച്ചു. അത്തരം കേസുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ‘അമാന്‍’ സേവന നമ്പറായ 2626800-ലേക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അനധികൃത പ്ലാറ്റ്ഫോമുകളില്‍ ഒരു കാരണവശാലും സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കരുത്. പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന മെസേജ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത,് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നത്.