ദുബായ്: ദുബായിലെ എക്‌സ്‌പോ കാഴ്ചകളില്‍ പ്രധാന ആകര്‍ഷണമായിരുന്ന ‘ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈ’ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സ്‌പോ നഗരിയിലെ പ്രധാന റൈഡുകളില്‍ ഒന്നായ ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് 2023 മേയ് 25-നാണ് താത്കാലികമായി അടച്ചത്. നിലവില്‍ തകരാറുകള്‍ പരിഹരിച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയതായി അധികൃതര്‍ അറിയിച്ചു. 55 മീറ്റര്‍ ഉയരത്തിലുള്ള ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈയില്‍ കയറിയാല്‍ ദുബായ് എക്‌സ്‌പോ നഗരിയുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാന്‍ കഴിയും എന്നതാണ് പ്രത്യേകത. ഇക്കാരണം കൊണ്ടുതന്നെ സന്ദര്‍ശകരെ കൂടുതലായി ആകര്‍ഷിക്കുന്ന റൈഡായി ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈ മാറിയിട്ടുണ്ട്. വൈകീട്ട് ആറു മണി മുതല്‍ രാത്രി 10 വരെയാണ് ഇവിടേക്ക് സന്ദര്‍ശന സമയം അനുവദിച്ചിരിക്കുന്നത്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈയിലേക്കുള്ള പ്രവേശനം സൗജന്യമാക്കിയപ്പോള്‍ 30 ദിര്‍ഹമാണ് മുതിര്‍ന്നവരില്‍ നിന്നും ഈടാക്കുന്നത്.