കേന്ദ്ര അനുമതിയില്ല; സിൽവർലൈൺ നടക്കാത്ത സ്വപ്നമെന്ന് മുഖ്യമന്ത്രി

Share

കണ്ണൂർ:  കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല തീരുമാനമില്ലാത്ത സാഹചര്യത്തില്‍ സില്‍വര്‍ലൈണ്‍ പദ്ധതിയുമായി മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മാത്രം വിചാരിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും എന്നാല്‍ ഒരു കാലത്ത് സില്‍വര്‍ലൈണ്‍ അംഗീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള വികസനത്തില്‍ കേന്ദ്രം സ്വീകരിക്കുന്നത് തലതിരിഞ്ഞ നിലപാടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

വടക്കന്‍ മേഖലയിലെ വിദേശമലയാളികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് അനുകൂല നിലപാടല്ല കേന്ദ്രം സ്വീകരിക്കുന്നതെന്നും കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് തുടരുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തിലിരിക്കുന്നവര്‍ക്ക് കണ്ണൂരിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേക മാനസിക സുഖമാണെന്നും ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു. വികസനത്തിന്റെ സ്വാദ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ അനുഭവിക്കാനാകണമെന്നും അത് വിവേചനമില്ലാതെ എല്ലായിടത്തും എത്തുമ്പോഴാണ് ശരിയായ വികസനമായി മാറുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.