ദുബായ്: മനസ് മോഹിച്ചൊരു വാഹനം സ്വന്തമാക്കിയാല്‍ പിന്നെ ആ വാഹനത്തിന് നല്ലൊരു ഫാന്‍സി നമ്പര്‍ നേടിയെടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. മനസിനിണങ്ങിയ ഫാന്‍സി നമ്പര്‍ സ്വന്തമാക്കണമെങ്കില്‍ ഇക്കാലത്ത് ഭാരിച്ച വില നല്‍കേണ്ടി വരും. ഫാന്‍സി നമ്പര്‍ വിതരണത്തിലൂടെ കോടികളാണ് ഓരോ രാജ്യത്തേയും സര്‍ക്കാരുകളും സ്വന്തമാക്കുന്നത്. പറഞ്ഞുവരുന്നത് ഇത്തരത്തില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ഒരു ഓണ്‍ലൈന്‍ ലേലം പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് ആര്‍.ടി.എ. സ്വകാര്യ, വിന്റേജ് വാഹനങ്ങള്‍ക്ക് 3,4,5 അക്ക ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കാനാണ് ആര്‍.ടി.എ അവസരമൊരുക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലയില്‍ ‘എ’ മുതല്‍ ‘വൈ’ വരെയുള്ള കാറ്റഗറിയിലെ ചില നമ്പറുകളാണ് ലേത്തില്‍ വയ്ക്കുന്നത്. ലേലത്തില്‍ വയ്ക്കുന്ന 350-ഓളം ഫാന്‍സി നമ്പറുകള്‍ അടങ്ങിയ പട്ടികയിലെ ചില നമ്പറുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. എം-535, ടി- 451, എല്‍-69069, എ-50052, വി-1107, വി-5567, ടി-2223, ആര്‍-33434 എന്നിവയാണ് ആര്‍.ടി.എ പുറത്തുവിട്ട ഫാന്‍സി നമ്പറുകളില്‍ ചിലത്.
ജൂലൈ 31-ന് ആരംഭിക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 24 തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. ലേല നടപടിക്രമങ്ങള്‍ ജൂലൈ 31-ന് രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കുമെന്നും തുടര്‍ന്നുള്ള അഞ്ചു ദിവസം ലേലം നീണ്ടുനില്‍ക്കുമെന്നും ദുബായ് ആര്‍.ടി.എ വൃത്തങ്ങള്‍ അറിയിച്ചു. ലേലവുമായി ബന്ധപ്പെട്ട നിബന്ധനകളും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലേലത്തിലൂടെ നമ്പറുകള്‍ വാങ്ങുമ്പോള്‍ വാറ്റ് ബാധകമായിരിക്കും, ലേലം കൊള്ളുന്ന എല്ലാവരും ട്രാഫിക് ഫയല്‍ ഓപ്പണ്‍ ചെയ്യണം, സെക്യൂരിറ്റി ഡെപ്പോസിറ്റായി 5000 ദിര്‍ഹമിന്റെ ചെക്ക് നിക്ഷേപിക്കണം, പങ്കാളിത്ത ഫീസായി 120 ദിര്‍ഹം അടക്കണം എന്നിവയാണ് നിബന്ധനകള്‍. ആര്‍.ടി.എ വെബ്‌സൈറ്റ്, ദുബൈ ഡ്രൈവ് ആപ് എന്നിവ കൂടാതെ അല്‍ ബര്‍ഷ, ദേര തുടങ്ങിയ സ്ഥലങ്ങളിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ വഴിയും സെക്യൂരിറ്റി ഡെപ്പോസിറ്റും പങ്കാളിത്ത ഫീസും അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് ആര്‍.ടി.എ വ്യക്തമാക്കി. ഓണ്‍ലൈൺ പ്ലാറ്റ്‌ഫോമില്‍ ഫാന്‍സി നമ്പര്‍ ലേലം ആരംഭിച്ചതിനുശേഷം ഇത് 72-ാമത് ലേലമാണ് ദുബായ് ആര്‍.ടി.എ സംഘടിപ്പിക്കുന്നത്.