ദുബായ്: വിഖ്യാതമായ എമിറേറ്റ്സ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസിക്ക് കോടികളുടെ സൗഭാഗ്യം. ദുബായിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്തുവരുന്ന ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയായ മുഹമ്മദ് ആദില്‍ ഖാന്‍ ആണ് ആ കോടിപതി. അടുത്ത 25 വര്‍ഷത്തേക്ക് പ്രതിമാസം 25,000 ദിര്‍ഹം നേടിയാണ് മുഹമ്മദ് ആദിലിനെ ഭാഗ്യം കടാക്ഷിച്ചത്. ഫാസ്റ്റ് 5 എമിറേറ്റ്സ് ഡ്രോയിലാണ് മുഹമ്മദ് ആദില്‍ ഖാന്‍ ഭാഗ്യനാഥനായത്. 25 ദിര്‍ഹം നല്‍കി ടിക്കറ്റ് എടുത്താല്‍ ഭാഗ്യമല്‍സരത്തിന്റെ ഭാഗമാവുകയും വിജയിച്ചാല്‍ 25 വര്‍ഷക്കാലം തുടര്‍ച്ചയായി എല്ലാ മാസവും 25,000 ദിര്‍ഹം സമ്മാനമായി ലഭിക്കും എന്നതാണ് ഫാസ്റ്റ് 5 എമിറേറ്റ്സ് ഡ്രോയുടെ പ്രത്യേകത. കൂടാതെ റാഫിള്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് യഥാക്രമം 75,000, 50,000, 25,000 ദിര്‍ഹം എന്നിവ നേടാനുമാകും.
ജോലിത്തിരക്ക് കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് സമ്മാനാര്‍ഹനായ വിവരം അറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ ലഭിച്ചതെന്നും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഇപ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു എന്നായിരുന്നു ആദില്‍ ഖാന്റെ പ്രതികരണം. സംഘാടകരില്‍ നിന്ന് ഫോണ്‍കോള്‍ ലഭിച്ചപ്പോഴും ഞെട്ടല്‍ മാറിയില്ലെന്നും എന്നാല്‍ ഭാവി സുരക്ഷിതമായല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നതായും മുഹമ്മദ് ആദില്‍ ഖാന്‍ പ്രതികരിച്ചു. ജോലിയില്‍ നിന്ന് നേരത്തെ വിരമിച്ചതായി തോന്നുന്നു എന്നാണ് അപൂര്‍വ നേട്ടത്തെ കുറിച്ചുള്ള മുഹമ്മദ് ആദിലിന്റെ ആദ്യ പ്രതികരണം. ആദ്യമായാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതെന്നും അതില്‍ തന്നെ ഭാഗ്യം കടാക്ഷിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രാരാബ്ദ്ദക്കാരനായ ആദില്‍ ഖാന്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ഒരു ഇടത്തരം കുടുബത്തിലാണ് ഖാന്‍ ജനിച്ചത്. ഖാനെ ആശ്രയിച്ച് ജീവിക്കുന്ന എട്ട് പേരടങ്ങുന്ന കുടുംബമാണ് നാട്ടിലുള്ളത്. തന്റെ സഹോദരന്‍ ജോലിയിലിരിക്കെ സൗദിയില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചത് ഇന്നും വേദനയോടെ ഓര്‍ക്കുകയാണെന്നും മുഹമ്മദ് ആദില്‍ പ്രതികരിച്ചു. അച്ഛനും അമ്മയും ഭാര്യയും കുട്ടികളും അടങ്ങുന്ന തന്റെ സ്വന്തം കുടുംബത്തോടൊപ്പം സഹോദരന്റെ കുടുംബത്തിന്റെയും ഏക ആശ്രയമാണ് താനെന്നും ഖാന്‍ പറഞ്ഞു. എന്തായലും നിലവിലെ ജോലി ഉപേക്ഷിക്കില്ലെന്നും ലക്ഷ്യം നിറവേറ്റുന്നത് വരെ തുടരുമെന്നും ഇത് തന്റെ രണ്ടാമത്തെ വരുമാനം മാത്രമാണെന്നും ഖാന്‍ പ്രതികരിച്ചു. അതേസമയം കുടുംബത്തെ യുഎഇ-യിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും വളരെ ശ്രദ്ധയോടെ മാത്രമേ സമ്മാനത്തുക ചെലവഴിക്കുകയുള്ളുവെന്നും മറ്റ് ഭാവി കാര്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മുഹമ്മദ് ആദില്‍ ഖാന്‍ പറഞ്ഞു.