സംസ്ഥാനം ലഹരിയിൽ മുങ്ങുന്നു; ദിവസവും പിടികൂടുന്നത് കോടിയിലധികം മയക്കുമരുന്നുകൾ

Share

സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 ലക്ഷത്തിലധികം വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് വേട്ടയാണ് പോലീസ് കണ്ടെത്തിയത്. ഇന്നലെ താമരശ്ശേരിയില്‍ നിന്ന് ആറ് ലക്ഷത്തോളം വിലവരുന്ന 152 ഗ്രാം എം ഡി എം എ യുമായി മയക്കുമരുന്ന് മൊത്ത വ്യാപാരിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടി. പുതുപ്പാടി അടിവാരം പഴയിടത്ത് നൗഷാദ് (45) ആണ് പിടിയിലായത്. അടിവാരത്ത് മിഠായി ഉള്‍പ്പെടെയുള്ളവയുടെ മൊത്ത വ്യാപാരം നടത്തി വരുന്നയാളാണ്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് മൊത്ത വ്യാപാരം നടത്തിയിരുന്നത്.
അഞ്ചോളം ഏജന്റുമാര്‍ വഴിയാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്. പ്രതിയെ താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
അതേസമയം കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട പിടികൂടി. 779 ഗ്രാം എം ഡി എം എയും 80 എല്‍ എസ് ഡി സ്റ്റാബുകളുമാണ് കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ ഡന്‍സാഫ് ടീമും, വെള്ളയില്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
പുതിയങ്ങാടി വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്ന സംഘത്തില്‍ നിന്നാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പൊലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവരങ്ങളടങ്ങുന്ന രേഖകളും ഉപയോഗിച്ച 2 ബൈക്കുകളും പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.