അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറിയ സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി

Share

കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ഭൂമി കൈയേറി സ്വന്തമാക്കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ശക്തമായ നടപടിയുമായി കുവൈറ്റ്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം റെയ്ഡ് നടത്തുകയും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് അവിടെയുള്ള അനധികൃത കെട്ടിടങ്ങളും മറ്റ് വസ്തുക്കളും പൊളിച്ചു നീക്കുകയും ചെയ്തു.
സാല്‍മിയിലെ കൈയേറിയ സര്‍ക്കാര്‍ ഭൂമികളില്‍ അനധികൃത മിനി ഫാക്ടറികള്‍, വെയര്‍ഹൗസുകള്‍, നിയമവിരുദ്ധ വര്‍ക്ക്ഷോപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ചില പ്രദേശങ്ങളും കെട്ടിടങ്ങളും സാമൂഹ്യ ദ്രോഹികളുടെയും നിയമ ലംഘകരുടെയും കേന്ദ്രമായി മാറിയതായും അധികൃതര്‍ അറിയിച്ചു. ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഭൂമിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ രൂപാന്തരപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ വസ്തുക്കളുടെ കൈയേറ്റങ്ങളും ഗുരുതരമായ നിയമലംഘനങ്ങളും നീക്കം ചെയ്യുന്നതിനുള്ള സമഗ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. സാല്‍മിയിലെ അനധികൃത ഗോഡൗണുകളു കെട്ടിടങ്ങളും നീക്കം ചെയ്യുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച ശക്തമായ കാംപയിന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സാല്‍മിക്കു പുറമെ, അബ്ദാലി, അല്‍ മുത്ല, കബദ്, ബര്‍ അല്‍ സുലൈബിയ, അംഘര എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഒഴിപപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.