ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രധിഷേധം കടുപ്പിച്ച് സിഐടിയു

Share

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഉത്തരവായി ഇറങ്ങാത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പമാണ്. എന്നാല്‍ പരിഷ്കാരം നടപ്പാക്കുമെന്ന തീരുമാനത്തിലാണ് മന്ത്രി ഉറച്ച് നില്‍ക്കുന്നത്. സിഐടിയു, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ എന്നിവരാണ് പ്രതിഷേധിക്കുന്നത്. നിലവിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും സിഐടിയു ജില്ലാ പ്രസിഡന്റ് സുജിത് പറഞ്ഞു.
പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഒരു ദിവസം 30 ടെസ്റ്റുകള്‍ മാത്രമാണുണ്ടാവുക. ഓട്ടോമാറ്റിക്–ഇലക്ട്രിക് വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളും ഉപയോഗിക്കരുത്. വാഹനത്തില്‍ ക്യാമറ സ്ഥാപിക്കണം, ഗ്രൗണ്ട് ടെസ്റ്റില്‍ എച്ച് എടുക്കുന്നതിനൊപ്പം പാരലല്‍ പാര്‍ക്കിങ്, ആംഗുലര്‍ പാര്‍ക്കിങ്, സിഗ്–സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് തുടങ്ങിയവ നടത്തണം. ഇവയായിരുന്നു പ്രധാന പരിഷ്കാരങ്ങള്‍. ഇത് നടപ്പാക്കാനുള്ള ഗ്രൗണ്ട് സര്‍ക്കാര്‍ മേഖലയില്‍ പോലും ഒരുക്കിയിട്ടില്ല.
15 വര്‍ഷമുള്ള വാഹനങ്ങള്‍ പാടില്ലന്നതും ക്യാമറ സ്ഥാപിക്കണമെന്നതുമെല്ലാം ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സി.ഐ.ടി.യു ഉള്‍പ്പടെ എല്ലാ സംഘടനകളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ലേണേഴ്സും ഗ്രൗണ്ടും ടെസ്റ്റും ഉള്‍പ്പടെ എല്ലാം ബഹിഷ്കരിക്കും.